തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടത് പ്രൊഫഷണൽ സമീപനത്തിലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഏത് നിർദേശവും അദ്ദേഹം കേൾക്കും. ആവശ്യമെങ്കിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ പറയും. ഫണ്ടും അനുവദിക്കും. ഇതുവരെ ഒരു നിർദേശത്തിനും അദ്ദേഹം ‘നോ’ പറഞ്ഞില്ല.
സ്ത്രീസുരക്ഷയ്ക്കാണ് മുഖ്യമന്ത്രി ഏറ്റവും പ്രധാന്യം നൽകിയത്. കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ ചൂഷണം, ജനമൈത്രി എന്നിവയും അദ്ദേഹത്തിന്റെ പരിഗണനയിലുള്ള വിഷയംതന്നെ. പൊലീസ് സംവിധാനത്തെ കൂടുതൽ കംപ്യൂട്ടർവൽക്കരിക്കാനും നിർദേശിച്ചു. ഈ പദ്ധതികൾ നടപ്പാക്കാൻ ഫണ്ട് വേണം. 40 കോടിരൂപയാണ് ആകെയുള്ളത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. എത്ര വേണമെന്ന് ചോദിച്ചപ്പോൾ 150 കോടിയെന്ന് പറഞ്ഞു. എന്നാൽ, 170 കോടിരൂപ അനുവദിച്ചു.
ഒരിക്കൽ അദ്ദേഹം ദുബായിൽ പോയി. അവിടത്തെ ട്രാഫിക് സിസ്റ്റം കണ്ട് അപ്പോൾത്തന്നെ വിളിച്ച് കേരളത്തിലും നടപ്പാക്കണമെന്ന് പറഞ്ഞു. അന്നുതന്നെ അവിടത്തെ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് അവിടെനിന്നും വിളിച്ചു. പിന്നാലെ എല്ലാം നേരിട്ട് പഠിക്കാൻ ഞങ്ങളെ യുഎഇയിൽ അയച്ചു. ഇതിന്റെ ഭാഗമായ സ്മാർട്ട് പൊലീസ് സ്റ്റേഷൻ ടെക്നോപാർക്കിൽ ഉടൻ നിലവിൽ വരുമെന്നും ബെഹ്റ പറഞ്ഞു.
കേരളത്തിൽ മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും സ്ലീപ്പിങ് സെൽ പ്രവർത്തിക്കുന്നുണ്ട്. മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ആത്മരക്ഷാർഥം പൊലീസ് വെടിവച്ചപ്പോഴാണ്. സ്വർണക്കടത്തു പോലുള്ളവയുടെ അന്വേഷണത്തിനായി മഹാരാഷ്ട്രയിലെ മക്കോക്ക മാതൃകയിൽ പ്രത്യേക വിഭാഗം ആരംഭിക്കാൻ പദ്ധതി സമർപ്പിച്ചതായും ബെഹ്റ പറഞ്ഞു.