ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ദർഹാമിൽ കോവിഡ് ചട്ടങ്ങൾ ലംഘിച്ച മൂന്ന് താരങ്ങളെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തു. വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കായുള്ള ടീമിന്റെ ഭാഗമായ മൂന്ന് പേരെയും ടീം ഐസൊലേഷൻ ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് നാട്ടിലേക്ക് അയക്കാൻ നടപടിയെടുത്തു.
വൈസ് ക്യാപ്റ്റൻ കുശാൽ മെൻഡിസ്, വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്വെല്ല, ഓപ്പണിംഗ് ബാറ്റ്സ്മാൻ ദനുഷ്ക ഗുണതിലക എന്നിവർക്കെതിരെയാണ് നടപടി. ഇവരെ ഉടൻ പ്രാബല്യത്തോടെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
Read More: ഏകദിന ട്വന്റി 20 പരമ്പരകൾക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിൽ
മൂന്ന് ഏകദിനങ്ങളുള്ള ശ്രീലങ്ക-ഇംഗ്ലണ്ട് പരമ്പരയിൽ ചൊവ്വാഴ്ച ഡർഹാമിലാണ് ആദ്യ മത്സരം. ഡർഹാമിലെത്തിയ കളിക്കാർ കോവിഡ്- ബയോബബിൾ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്ത് കറങ്ങിനടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തിങ്കളാഴ്ച രാവിലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന ട്വന്റി -20 പരമ്പരയിൽ 3-0ന് ഇംഗ്ലണ്ടിനോട് ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ശ്രീലങ്കൻ ടീമിനെതിരെ ആരാധകരുടെ വ്യാപക വിമർശനങ്ങളുയരുകയും ചെയ്തു.
The post ഇംഗ്ലണ്ടിൽ ഐസൊലേഷൻ ചട്ടങ്ങൾ ലംഘിച്ചു; ശ്രീലങ്കൻ ക്രിക്കറ്റ് ടീം അംഗങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു appeared first on Indian Express Malayalam.