ആലപ്പുഴ
‘‘തീയാവുക… തെളിഞ്ഞവിളക്കിൽ കത്തി വീടിനു വിളക്കാവുക.. അതിലേക്ക് വീഴുന്ന നാട്ടുകാരായ ഈയാമ്പാറ്റകളെ അവറ്റകളുടെ വഴിക്ക് വിടുക’’ അനുഭവത്തിന്റെ കരുത്തിലാണ് കൈനകരി സ്വദേശി രെജി രമണൻ ഇതെഴുതിയത്. തന്നെ കേൾക്കാൻ ആരുമില്ലെന്ന ഘട്ടത്തിൽ ഇരുപത്തൊന്നാം വയസിൽ ആത്മഹത്യാശ്രമം നടത്തി. ജീവിക്കണമെന്ന് അതിയായി ആഗ്രഹിച്ചതിനാലാകാം അത്പരാജയപ്പെട്ടു. പക്ഷേ പിന്നീടങ്ങോട്ട് രെജിയുടെ ജൈത്രയാത്രകളായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ച ഭർതൃവീട്ടുകാരെ നിയമവഴിയിൽ തോൽപ്പിച്ചായിരുന്നു തുടക്കം.
പതിനെട്ടാം വയസിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് രെജി കുട്ടനാട് കുട്ടമംഗലം സ്വദേശിയെ വിവാഹംചെയ്തത്. വിരുന്നിന്റെ മൂന്നാംദിനം സ്വർണംചോദിച്ചു. സ്വർണവും പണവും പോരെന്നും പൊക്കം കുറവെന്നുമെല്ലാം പറഞ്ഞ് ആക്ഷേപിച്ചു. വീട്ടിൽനിന്ന് സാധനങ്ങൾ കൊണ്ടുവന്നാലേ ഭക്ഷണം കിട്ടൂവെന്നായി. കുഞ്ഞിന് അയൽപക്കത്തുനിന്ന്വരെ ഭക്ഷണം വാങ്ങിക്കൊടുക്കേണ്ടിവന്നു. പ്രസവശേഷം വിശ്രമംനിർദേശിച്ച സമയത്ത് വീടുപണിക്ക് സിമന്റ് കൂട്ടിച്ചുവരെ പീഡിപ്പിച്ചു. നാട്ടുകാരെ പേടിച്ച് എല്ലാം സഹിക്കാൻ പറഞ്ഞ വീട്ടുകാരും പിന്തുണച്ചില്ല, പക്ഷേ അനിയത്തി കട്ടക്ക് കൂടെ നിന്നപ്പോൾ മൂന്നുവർഷത്തെ പീഡനം അവസാനിച്ചു.
ഒമ്പതുവർഷംമുമ്പ് നിയമപരമായി പിരിഞ്ഞു. താണ്ടിവന്ന ദുരിതകാലം കുവൈത്തിലെ ജോലി സ്ഥലത്തിരുന്ന് പങ്കുവയ്ക്കുകയാണ് ഈ മുപ്പത്തിനാലുകാരി. വിവരിക്കാനാകാത്ത പീഡനങ്ങളെക്കുറിച്ച് രെജി അടുത്തിടെ ഫേസ്ബുക്കിൽ കുറിച്ചപ്പോൾ വലിയ ചർച്ചയായി. സ്വന്തം കാലിൽ നിൽക്കുന്നതിന്റെ കരുത്തുണ്ടിപ്പോൾ രെജിയുടെ വാക്കുകൾക്കും ജീവിതത്തിനും. ഡിസംബറിൽ ചങ്ങനാശേരി സ്വദേശിയുമായുള്ള വിവാഹവുമുറപ്പിച്ചിരിക്കയാണ്.