കൊച്ചി > കരിപ്പൂർ വിമാനത്താവളത്തിൽ ഒരുകോടിയുടെ സ്വർണം പിടികൂടിയ കേസിൽ സൂത്രധാരനെന്ന് സംശയിക്കുന്ന അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിടിയിലായ മുഹമ്മദ് ഷഫീഖിൽനിന്നാണ് അർജുനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനായി അർജുനെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാത്രി 7.40ന് അറസ്റ്റ് രേഖപ്പെടുത്തി. ഷഫീഖിന് 40,000 രൂപയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തത് അർജുനാണെന്ന് കോടതിയിൽ (സാമ്പത്തിക കുറ്റകൃത്യം) നൽകിയ റിപ്പോർട്ടിൽ കസ്റ്റംസ് വ്യക്തമാക്കി. സ്വർണവുമായി വിമാനത്താവളത്തിൽ എത്തിയാൽ എങ്ങനെ പെരുമാറണമെന്ന് അർജുൻ, ഷെഫീഖിനോട് പറഞ്ഞിരുന്നു. സ്വർണം കൈമാറേണ്ടവിധവും പഠിപ്പിച്ചു. ഇതിന്റെ മൊബൈൽഫോൺ സന്ദേശങ്ങൾ കസ്റ്റംസ് ശേഖരിച്ചിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തുസംഘത്തിലെ കണ്ണിയാണ് ഷഫീഖെന്നും കസ്റ്റംസ് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞു.
ഷഫീഖിനെ ഏഴുദിവസം കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. 21ന് ദുബായിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഷഫീഖിൽനിന്ന് 1.11 കോടി രൂപയുടെ 2.33 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാേഫി മേക്കറിൽ ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണം.