ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവൻ കുട്ടിയടക്കമുള്ള കേസിലെ പ്രതികൾ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.
മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ മുൻ എംഎൽഎമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത് എന്നിവരാണ് മറ്റു പ്രതികൾ. ഇവരാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ നൽകിയ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേസിലെ പ്രതികൾ അപ്പീൽ നൽകിയിരിക്കുന്നത്.
നിയമസഭാ അംഗങ്ങൾ എന്ന നിലയിലുള്ള പരിരക്ഷ തങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ നിയമസഭയ്ക്കുള്ളിൽ നടത്തിയിരിക്കുന്ന പ്രവർത്തനത്തിന്റെ പേരിൽ ക്രിമിനൽ കേസെടുക്കാനാകില്ലെന്നാണ് ഇവർ അപ്പീൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ ഈ കേസ് പിൻവലിക്കാൻ തീരുമാനമെടുത്തിരുന്നു. അത് റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഇവർ ഹർജിയിൽ വാദിക്കുന്നുണ്ട്.
മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്കെതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ നൽകിയ ഹർജി ഡി.വൈ.ചന്ദ്രചൂഡിന്റെ ബെഞ്ചാണ് നാളെ പരിഗണിക്കുക.
സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്നും ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും കേരള സർക്കാരിന്റെ ഹർജിയിൽ വിശദീകരിച്ചു.
സഭയ്ക്കുള്ളിൽ അംഗം നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നും അപാകങ്ങൾക്ക് പരിഹാരം കാണാൻ സഭയുടേതായ സംവിധാനമുണ്ടെന്നും സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്റെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ്സ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.