കോട്ടൂർ ( തിരുവനന്തപുരം): ആന പുനരധിവാസ കേന്ദ്രമായ കോട്ടരിൽ കുട്ടിയാന ചരിഞ്ഞു. ഒന്നര വയസുള്ള ശ്രീക്കുട്ടിയാണ് ചരിഞ്ഞത്. ഒരുവർഷം മുമ്പ് തെന്മല ഭാഗത്തെ വനമേഖലയിൽ വെച്ച് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട ഈ കുട്ടിയാന ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിൽ പാറയിടുക്കിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് കോട്ടൂരിൽ എത്തിക്കുകയായിരുന്നു. നടക്കാൻ പ്രയാസമുണ്ടായിരുന്നെങ്കിലും ആനക്കുട്ടി പിന്നീട് സുഖപ്പെട്ടു. കോട്ടൂരിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് കുട്ടിയാനയെ അതിന്റെ തള്ളയാനയുടെ സമീപത്തേക്ക് എത്തിക്കാൻ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും ഫലിച്ചില്ല. കുട്ടിയാനയെ സ്വീകരിക്കാൻ മറ്റ് ആനക്കൂട്ടങ്ങൾ തയ്യാറായിരുന്നില്ല.
ഇതിനെ തുടർന്നാണ് കോട്ടൂരേക്ക് കൊണ്ടുവരുന്നതും ശ്രീക്കുട്ടിയെന്ന് പേരിടുന്നതും.മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടതുമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകൾ കുട്ടിയാനയ്ക്കുണ്ടായിരുന്നു. വെറ്റിറനറി ഡോക്ടർമാരുടെ പരിചരണത്തെ തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നുവെങ്കിലും ഇന്നലെ ഉച്ചയോടെ പനി ബാധിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ ചരിഞ്ഞ നിലയിൽ കാണപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാവു. ആനയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സൂചന ഉണ്ട്.