കൊല്ലം: കേരളത്തിൽ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാവണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണം. അതിനായി കേരളത്തിലെ യുവാക്കൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാന ചെയ്തു. കൊല്ലത്ത് സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെ വീട് സന്ദർശിച്ച ഗവർണർ വികാരാധീനനായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം തുടങ്ങി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളം എല്ലാ കാര്യത്തിലും മുൻപന്തിയിലാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണം. അതിനായി വ്യാപകമായ ബോധവത്കരണ പ്രവർത്തനം നടത്തേണ്ടതുണ്ട്. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ കേരളത്തിലെ സാമൂഹിക സന്നദ്ധ പ്രവർത്തകരോട് അഭ്യർഥിക്കുന്നു.
സ്ത്രീധനം ആവശ്യപ്പെടുന്നതും നൽകുന്നതുമായ രീതി ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുത്. സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണം. സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാൽ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യം ഉണ്ടാവണം. ആൺവീട്ടുകാർ സ്ത്രീധനം ചോദിച്ചാൽ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാൻ പെൺവീട്ടുകാർ തയ്യാറാവണം.
പ്രളയകാലത്ത് സന്നദ്ധപ്രവർത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സർക്കാർ പറഞ്ഞപ്പോൾ വെറും 24 മണിക്കൂറിനുള്ളിൽ 73,000 യുവാക്കൾ രജിസ്റ്റർ ചെയ്ത സംസ്ഥാനമാണിത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കാര്യത്തിൽ സംശയമില്ല.
വിസ്മയ തനിക്ക് മകളെപ്പോലെയാണ്. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെൺകുട്ടികളും തന്റെ മകളെപ്പോലെയാണ്. വിസ്മയയുടെ വീട് സന്ദർശിച്ച താൻ ഏറെ വികാരഭരിതനായെന്നും ഗവർണർ പ്രതികരിച്ചു.
Content Highlights:Governor Arif Muhammed Khan visits Vismayas house at Kollam, Dowry death