തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യം ശക്തിപ്പെട്ടുവരികയാണെന്നും നൂറുകണക്കിന് സ്ലീപ്പിങ് സെല്ലുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നുമുളള ഡിജിപിയുടെ വെളിപ്പെടുത്തൽ ഗൗരവതരമായ വിഷയങ്ങളെ സംബന്ധിച്ച് ചോദയങ്ങൾ ഉയർത്തുന്നുവെന്ന് പറഞ്ഞ സുരേന്ദ്രൻ ബെഹ്റയുടെ വെളിപ്പെടുത്തലിനോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യവും സ്ലീപ്പിങ് സെൽ പ്രവർത്തനവുമുണ്ട്. സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്തെ കംപ്യൂട്ടർ കൈകാര്യം ചെയ്യുന്ന സബ് ഇൻസ്പെക്ടർ ഷാജഹാൻ ഐഎസുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മതഭീകരവാദ സംഘടനകൾക്ക് പോലീസിന്റെ ഇമെയിൽ ചോർത്തികൊടുത്തുവെന്ന ഭീകരമായ കണ്ടെത്തലുകളാണ് ഇയാൾക്കെതിരേ ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥൻ നടപടിക്ക് വിധേയമായിരുന്നു. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആ സബ് ഇൻസ്പെക്ടറെ തിരിച്ചെടുക്കുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.
പത്തനാപുരത്തും കോന്നിയിലും ജലാറ്റിൻ സ്റ്റിക്കും മറ്റും കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്റലിജൻസ് ഡിവൈഎസ്പി സംശയത്തിന്റെ മുനയിലായി. കൊല്ലത്തുളള ഒരു ഡിവൈഎസ്പി ഭീകരപ്രവർത്തകരെ സഹായിച്ചു എന്ന് ആരോപിക്കപ്പെട്ടു. കേരള പോലീസ് അന്വേഷണം നടത്തുകയും അയാളെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.സംസ്ഥാനത്തെ പോലീസ് സേനയില് ഭീകരവാദികളുടെ സാന്നിധ്യം ശക്തമാണ്. സ്പെഷ്യൽ പോലീസിലും ഇന്റലിജൻസിലും മാത്രമല്ല ലോ ആൻഡ് ഓർഡറിലും ക്രൈംബ്രാഞ്ചിലുമടക്കം അത്തരം പോലീസ് ഉദ്യോഗസ്ഥർക്ക് മാന്യത ലഭിക്കപ്പെടുന്നു. ആരാണിതിന് പിന്നിലെന്ന് അന്വേഷിക്കണം- സുരേന്ദ്രൻ ആവശ്യപ്പെട്ടു
സംസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്നും റിക്രൂട്ട്മെന്റ് ഉണ്ടെന്നും ബിജെപി തുടക്കം മുതൽ പറഞ്ഞുകൊണ്ടിരുന്നതാണ്. വിവിധ കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ അത് സംസ്ഥാന ആഭ്യന്തരവകുപ്പ് ഗൗരവത്തിൽ എടുത്തില്ല. സംസ്ഥാനത്ത ലൗജിഹാദ് ഇല്ലെന്നും ഐഎസ് നേതൃത്വത്തിലല്ല ഇത് നടക്കുന്നതെന്നുമുളള രാഷ്ട്രീയ നിലപാട് സ്വീകരിച്ചവരാണ് ഇടതുപക്ഷം.
സംസ്ഥാനത്തെ പല സർവകലാശാലകളിലും ഐഎസിന് വേണ്ടിയുളള പ്രവർത്തനത്തിനായി വിദേശ വിദ്യാർഥികൾ കടന്നുവരുന്നുണ്ട് എന്നും സുരേന്ദ്രൻ പറയുന്നു. സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ സർവകലാശാലകളിലേക്ക് വിദ്യാർഥികൾ കുടിയേറുകയാണ്. കേരള സർവകലാശാലയിലേക്ക് മാത്രം 1042 വിദ്യാർഥികളാണ് പ്രവേശനം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അസ്വാഭാവികമായ പ്രവേശനമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും വിദ്യാഭ്യാസവകുപ്പും എടുക്കാൻ പോകുന്ന നടപടിയെന്താണ്. സ്ലീപ്പിങ് സെല്ലുകളെ കണ്ടില്ലെന്ന് നടിക്കുകയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഐഎസിനെ സഹായിക്കുകയുമാണ് ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.