2019 മെയ് 10ന് വോട്ട് ‘ഫോര്‍ പി ജെ’ എന്ന പേരിൽ ആരംഭിച്ച ഫേസ്ബുക്ക് പേജ് മെയ് 27നാണ് ‘പിജെ ആർമി’ എന്ന പേരിലേക്ക് മാറ്റിയത്. പല തവണ വിവാദങ്ങളിലൂടെ വാർത്തകളിലിടം പിടിച്ച പേജാണ് പിജെ ആർമി. ഈ പേജുമായി യാതൊരു ബന്ധവുമില്ലെന്ന് പി ജയരാജൻ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണ്ണവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോഴും പേജിനെ തള്ളി പി ജയരാജൻ രംഗത്തെത്തിയിരുന്നു.
“പിജെ ആർമി എന്ന പേരിൽ എന്‍റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല” എന്നായിരുന്നു 2021 മാർച്ച് 6ന് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ തന്‍റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണെന്നും അന്ന് ജയരാജൻ പഞ്ഞിരുന്നു.
പി ജയരാജന്‍റെ പേരിൽ ആരംഭിച്ച് ഏറെ വിവാദമുണ്ടാക്കിയ പേജിന്‍റെ പേരാണ് ഒടുവിൽ മാറ്റിയിരിക്കുന്നത്. നേരത്തെ വ്യക്തി പൂജ വിഷയത്തിൽ സിപിഎം അന്വേഷണം നടത്തിയിരുന്നു. തുടർന്ന് വ്യക്തിപ്രഭാവം വളർത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ ജയരാജന് പങ്കില്ലെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തുകയും ചെയ്തു.