ബേപ്പൂർ: രണ്ടരവർഷത്തിനുശേഷം ബേപ്പൂർ തുറമുഖത്തേക്ക് ചരക്കുമായി വീണ്ടും കണ്ടെയ്നർ കപ്പൽ വരുന്നു. സംസ്ഥാന തുറമുഖങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കേരള മാരിടൈംബോർഡും മുംബൈ ആസ്ഥാനമായുള്ള ദ റൗണ്ട് കോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡും ഈ മാസാദ്യം നടത്തിയ ചർച്ചയെത്തുടർന്നാണ് കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കണ്ടെയ്നർ കപ്പൽ ഗതാഗതത്തിന് വഴിതുറന്നത്.
ദ റൗണ്ട് കോസ്റ്റ് കമ്പനിയുടെ ഹോപ്പ്-7 എന്ന കണ്ടെയ്നർ കപ്പലാണ് ബേപ്പൂരിലെത്തുക. ഗോവയിൽനിന്ന് മംഗളൂരു തുറമുഖം വഴി കൊച്ചിയിൽ എത്തുന്ന കണ്ടെയ്നർ കപ്പൽ ഈമാസം അവസാനമോ ജൂലായ് ആദ്യവാരമോ ബേപ്പൂരിൽ എത്തും. 106 ടി.ഇ.യു. കണ്ടെയ്നർ ശേഷിയുള്ള ഹോപ്പ്-7 നേരത്തേ മഹാരാഷ്ട്രയിലെ ചൗഗ്ളെ ഷിപ്പിങ് കമ്പനിയുടേതായിരുന്നു. പിന്നീട് പുനർനാമകരണം ചെയ്താണ് ഹോപ്പ്-7 ആയത്. വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തെ മറ്റ് തുറമുഖങ്ങളിൽ നിന്നും ചരക്കുമായി പതിവായി മലബാർ തുറമുഖത്തെത്താനാണ് ഹോപ്പ്-7 ലക്ഷ്യമിടുന്നത്.
കയറ്റിറക്കു വ്യാപാരികൾ ചെലവ് കുറഞ്ഞ കടൽമാർഗമുള്ള ചരക്കുനീക്കത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. അപകടകരമായ ഉത്പന്നങ്ങളുടെ ചരക്കുനീക്കം റോഡ് വഴി ആകുമ്പോൾ പലപ്പോഴുമുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനും കണ്ടെയ്നർ കപ്പൽ വഴിയുള്ള ചരക്കുനീക്കംകൊണ്ട് കഴിയും. ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ്, കസ്റ്റംസ്, എഫ്.ആർ.ആർ.ഒ., പോർട്ട് തുടങ്ങിയ വിഭാഗങ്ങളിൽനിന്നും വിവിധ വിഷയങ്ങളിലെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ലഭിച്ചശേഷമാണ് കണ്ടെയ്നർ കപ്പലുകൾ സർവീസ് നടത്തുന്നത്. മറ്റു ചരക്കുകപ്പലുകളെക്കാൾ കണ്ടെയ്നർ കപ്പലിൽനിന്നുള്ള ചരക്ക് ഇറക്കൽ അത്യന്തം സുഗമമാണ്. 17 കോടി ചെലവിൽ ബേപ്പൂർ തുറമുഖത്ത് നാലുവർഷം മുമ്പ് സജ്ജമാക്കിയ ജർമൻ കണ്ടെയ്നർ ക്രെയിൻ വഴിയാണ് കണ്ടെയ്നർ കപ്പലിൽ നിന്നും ചരക്കിറക്കുക.
ആദ്യമെത്തിയത് എം.വി. കരുതൽ
ബേപ്പൂരിൽ ആദ്യമായി എത്തിയ കണ്ടെയ്നർ കപ്പൽ ട്രാൻസ് ഏഷ്യ ഷിപ്പിങ് സർവീസസിന്റെ എം.വി. കരുതൽ. 2013 മാർച്ച് 16 -ന് ആണ് കൊച്ചിയിലെ സെഞ്ചുറി കപ്പൽ ശാലയിൽ പണിത ഈ കണ്ടെയിനർ കപ്പൽ പരീക്ഷണാർഥം ബേപ്പൂർ തുറമുഖത്തെത്തിയത്. 67-68 മീറ്റർ നീളവും 12.8 മീറ്റർ വീതിയുമുള്ള കപ്പലിന് 1600 ടൺവരെ കേവുഭാരം വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. 2017 മുതൽ ഈ കപ്പൽ തുറമുഖത്ത് ചരക്കുമായെത്തി തുടങ്ങി. രണ്ടുവർഷത്തോളം ഗ്രേറ്റ് സീ വെമ്പനാട് എന്ന കണ്ടെയ്നർ കപ്പലും ബേപ്പൂരിലും ചരക്കുമായി എത്തിയിരുന്നു.
കോഴിക്കോട്ടെ സെയ്ന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിലെ പൂർവവിദ്യാർഥിയായിരുന്ന കൊച്ചി സ്വദേശിയായ ജോൺസൺ കെ. മാത്യുവാണ് പിൽക്കാലത്ത് ട്രാൻസ് ഏഷ്യ ഷിപ്പിങ് സർവീസസ് എന്ന കപ്പൽ കമ്പനി ഉടമയായത്.