തിരുവനന്തപുരം> നാളെ മുതല് സംസ്ഥാനത്ത് സര്വ്വകലാശാല ബിരുദ പരീക്ഷകള് ആരംഭിക്കുന്ന സാഹചര്യത്തില് വിദ്യാര്ഥികള്ക്ക് യാത്ര ബുദ്ധിമുട്ടുകള് പരിഹരിക്കാന് സ്നേഹവണ്ടികള് ഒരുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് പറഞ്ഞു.
കൊവിഡ് ഭീതി നിലനില്ക്കുന്നതിനാല് പൊതുഗതാഗതം പൂര്ണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോകോള് പാലിച്ച് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള് സര്വ്വകലാശാലകള് ഒരുക്കി കഴിഞ്ഞെങ്കിലും യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത് പരിഹരിക്കാന് സംസ്ഥാന വ്യാപകമായി സ്നേഹവണ്ടികള് ഡിവൈഎഫ്ഐ ക്രമീകരിക്കും.
കൊവിഡ് പോസിറ്റീവ് ആയ വിദ്യാര്ത്ഥികള്ക്കും ഒപ്പം പൊതുഗതാഗതം ലഭ്യമല്ലാത്ത മറ്റ് വിദ്യാര്ത്ഥികള്ക്കും സേവനം ലഭ്യമാക്കും. പ്രാദേശികമായി ബന്ധപ്പെടാനുള്ള നമ്പരുകള് പ്രസിദ്ധീകരിക്കും.ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് മറികടക്കേണ്ടത്തുണ്ട്. തെല്ലും ആശങ്കയില്ലാതെ വിദ്യാര്ഥികള്ക്ക് പരീക്ഷ സ്ഥലത്തേക്ക് എത്താന് ഡിവൈഎഫ്ഐ സാഹചര്യം ഒരുക്കും.
ഇതിനായി ഡിവൈഎഫ്ഐ വോളണ്ടിയര്മാര് രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്ത്ഥിച്ചു