കൊച്ചി > ജില്ലയുടെ കാലങ്ങളായുള്ള ആവശ്യമായ തമ്മനം – പുല്ലേപ്പടി റോഡ് വികസനം വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. ഭാഗികമായി സ്ഥലമേറ്റെടുപ്പ് കഴിഞ്ഞിട്ടും വർഷങ്ങളായി റോഡ് വികസനം സാധ്യമായിരുന്നില്ല. മന്ത്രി വിളിച്ചുചേർത്ത ജില്ലാതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ വിഷയം ചർച്ചയായിരുന്നു. തുടർന്ന് റോഡുമായി ബന്ധപ്പെട്ട പ്രത്യേക യോഗം വിളിച്ചുചേർക്കാൻ തീരുമാനിക്കുകയായിരുന്നു.
തമ്മനം – പുല്ലേപ്പടി റോഡ് വികസനം അടിയന്തിരപ്രാധാന്യത്തോടെ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ സ്ഥലം ഏറ്റെടുത്ത ഭാഗങ്ങളിൽ ബാക്കിഭാഗം ഏറ്റെടുക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. കതൃക്കടവ് ജങ്ഷൻ മുതൽ കാരക്കോടം പാലം വരെയുള്ള പ്രവൃത്തികൾ പൂർത്തീകരിക്കും. തുടർന്ന് കതൃക്കടവ് ജങ്ഷൻ മുതൽ പത്മവരെയുള്ള ഭാഗത്തെയും എൻഎച്ച് മുതൽ തമ്മനം വരെയും ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി റോഡ് പ്രവൃത്തി ആരംഭിക്കും. ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. എല്ലാ മാസവും യോഗം ചേർന്ന് ഭൂമി ഏറ്റെടുക്കലിന്റെ പുരോഗതി വിലയിരുത്തി മന്ത്രിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചു.
കിഫ്ബിയിൽ ഉൾപ്പെട്ട കോർപ്പറേഷൻ റോഡാണിത്. തമ്മനം – പുല്ലേപ്പെടി റോഡ് വികസിപ്പിച്ചാൽ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകും. നഗരത്തിന്റെ തിരക്കനുസരിച്ച് രണ്ട് വാഹനങ്ങൾക്ക് പോകാൻ ആവശ്യമായ വീതി റോഡിനില്ല. വഴിയാത്രക്കാർക്ക് നടക്കാനുള്ള സൗകര്യവും കുറവാണ്. ഇൻഫോപാർക്കിന്റെ സമാന്തര റോഡ് കൂടിയാണിത്.
യോഗത്തിൽ കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, പി ടി തോമസ് എംഎൽഎ, ടി ജെ വിനോദ് എംഎൽഎ, ജില്ലാ കലക്ടർ എസ് സുഹാസ് തുടങ്ങിയവർ പങ്കെടുത്തു.