കൊച്ചി > വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഇരുപത് വർഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതിയുണ്ടാകാത്ത വിധം ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി ശാശ്വത പരിഹാരം കാണുന്നതിനാണ് മന്ത്രി നിർദ്ദേശം നൽകിയത്.
വൈറ്റില ജങ്ഷൻ വികസനം പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമായിരുന്നു. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് വൈറ്റിലയിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പണിതത്. എന്നാൽ, ഗതാഗതക്കുരുക്കിന് പൂർണമായ പരിഹാരമായിരുന്നില്ല.
എൻഎച്ച്, എൻഎച്ച്എഐ, ട്രാഫിക്ക് എന്നിവർ സംയുക്ത സ്ഥലപരിശോധന നടത്തി താൽക്കാലിക പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. അതോടൊപ്പം ശാശ്വതപരിഹാരത്തിനായി ട്രാഫിക്ക് പഠനം നടത്തി ശാസ്ത്രീയ ഡിസൈൻ പ്രകാരം ആവശ്യമെങ്കിൽ ഭൂമി ഏറ്റെടുത്ത് വിപുലീകരിക്കാനുള്ള നീക്കം ഇപ്പോൾത്തന്നെ തുടങ്ങാനും തീരുമാനിച്ചു. 2019ൽ പൊതുമരാമത്ത് നാഷണൽ ഹൈവെവിഭാഗം സമർപ്പിച്ച റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും നടപടികൾ സ്വീകരിക്കുക.
യോഗത്തിൽ കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, പി ടി തോമസ് എംഎൽഎ, ജില്ലാ കലക്ടർ എ് സുഹാസ്, സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു തുടങ്ങിയവർ പങ്കെടുത്തു.