സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരളാ കോർപറേറ്റീവ് ട്രാൻസ്പോർട്ടിൽ സി.ഐ.ടി.യുവിന്റെ സമരം. കെ.സി.ടിയുടെ ബസുകൾ പൊളിച്ച് വിൽക്കാനുള്ള നീക്കം തടയുന്നതിനായാണ് ഇടത് തൊഴിലാളി സംഘടനയായ സി.ഐ.ടി.യു. പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്. കെ.സി.ടിയുടെ ഹരിപ്പാടുള്ള ഓഫീസിന്റെ മുന്നിലാണ് ജീവനക്കാർ പ്രതിഷേധവുമായി എത്തിയിട്ടുള്ളത്.
20 ലൈൻ ബസുകളും എട്ട് ടൂറിസ്റ്റ് ബസുകളുമാണ് കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.സി.ടിക്കുള്ളത്. പതിറ്റാണ്ടുകളായി ബസ് സർവീസ് രംഗത്തുള്ള ഈ സ്ഥാപനം കോവിഡ് കാലമായതോടെ അടച്ചിടലിലേക്ക് നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ സൊസൈറ്റി ബോർഡ് അംഗങ്ങളോ തൊഴിലാളികളോ അറിയാതെയാണ് മൂന്ന് ബസുകൾ പൊളിച്ച് നീക്കാൻ തീരുമാനിച്ചത്. അധികൃതരുടെ നീക്കത്തിനെതിരെയാണ് സി.ഐ.ടി.യു. യൂണിയൻ തൊഴിലാളികൾ സമരവുമായി എത്തിയിട്ടുള്ളത്.
സ്ഥാപനത്തിലെ ഭൂരിഭാഗം തൊഴിലാളികളും സി.ഐ.ടി.യു. യൂണിയനിൽ പ്രവർത്തിക്കുന്നവരാണ്. പാർട്ടി കുടുംബങ്ങളിൽ നിന്നുള്ള ആളുകളെയാണ് കെ.സി.ടി. എന്ന സ്ഥാപനത്തിൽ തൊഴിലാളികളായി നിയമിച്ചിരുന്നത്. ബസുകൾ പൊളിച്ച് വിൽക്കാനുള്ള തീരുമാനം ഈ സ്ഥാപനം അടിച്ചുപൂട്ടുന്നതിന്റെ ആദ്യപടിയാണെന്നാണ് തൊഴിലാളുകളുടെ ആശങ്ക. കഴിഞ്ഞ ഓണത്തിന് ബോണസ് നൽകിയത് സഹകരണ സംഘങ്ങളിൽ നിന്ന് കടമെടുത്താണെന്നും അന്ന് ബസുകൾ പൊളിച്ച് വിൽക്കാൻ തീരുമാനമെടുത്തതായുമാണ് ഔദ്യോഗിക വിശദീകരണം.
ബസുകൾ പൊളിച്ച് വിൽക്കുന്നത് ഏകപക്ഷീയമായ തീരുമാനമാണ്. ബസുകൾ പൊളിച്ച് വിൽക്കുന്നത് ഈ സ്ഥാപനത്തെ ഇല്ലാതാക്കാനാണ്. ഇത് നൂറുകണക്കിന് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വഴിയാധാരമാക്കുന്ന തീരുമാനമാണ്. ഇത് ഒരു കൂട്ട ആത്മഹത്യയിലായിരിക്കും അവസാനിക്കുക. കഴിഞ്ഞ കൂറെയേറെ മാസങ്ങളായി ഇവിടുത്തെ ജീവനക്കാരായ ഞങ്ങൾക്ക് തൊഴിലില്ലാത്ത അവസ്ഥയാണെന്നും സമരത്തിൽ പങ്കെടുക്കുന്ന കെ.സി.ടി. ജീവനക്കാരൻ പറഞ്ഞു.
2020 മാർച്ച് മുതൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നില്ല. ലോക്ഡൗൺ മാറിയതോടെ കുറച്ച് ബസുകൾ സർവീസ് നടത്തിയെങ്കിലും നഷ്ടത്തെ തുടർന്ന് നിർത്തുകയായിരുന്നു. രണ്ട് വർഷത്തോളമായി പാർട്ടിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും മറ്റൊരു ജീവനക്കാരൻ പറഞ്ഞു. 250-ഓളം ജീവനക്കാർചേർന്ന് ഉണ്ടാക്കിയെടുത്ത പ്രസ്ഥാനമാണിത്. എന്നാൽ, ഞങ്ങളുടെ ഒരു ജീവനക്കാരൻ പോലും അറിയാതെയാണ് രണ്ട് ബസുകൾ പൊളിച്ച് വിൽക്കുന്നത്. ഇത് തടയാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:CITU Protest Against CPIM On Kerala Cooperative Transport Issue