കണ്ണൂർ: സ്വർണക്കള്ളക്കടത്തിൽ കർശന നിലപാടുമായി രംഗത്തെത്തിയ ഡിവൈഎഫ്ഐയെ പരസ്യമായി വെല്ലുവിളിച്ച സംഭവം മുമ്പ് കൂത്തുപറമ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ക്വട്ടേഷൻ, കളളക്കടത്ത് സംഘങ്ങൾക്ക് എതിരേ ഡി.വൈ.എഫ്.ഐ. നടത്തിയ പ്രചാരണജാഥയ്ക്കിടെ ക്വട്ടേഷൻ സംഘം വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. മൊബൈൽ ഫോൺ വെളിച്ചത്തിലാണ് തുടർന്ന് അന്ന് നേതാക്കൾക്ക് സംസാരിക്കേണ്ടി വന്നത്.കഴിഞ്ഞ ഫെബ്രുവരി 21 നാണ് ഈ സംഭവം നടന്നത്.
കണ്ണൂർ, കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, മട്ടന്നൂർ എന്നീ അഞ്ചുബ്ലോക്കുകളിലാണ് കളളപ്പണക്കാർക്കും ക്വട്ടേഷൻ സംഘത്തിനുമെതിരേ ഡി.വൈ.എഫ്.ഐ. പ്രചാരണ ജാഥ നടത്തിയത്. ക്വട്ടേഷൻ സംഘങ്ങളുടെയും കൊളളപ്പണക്കാരുടെയും സ്വാധീനമുളള പ്രദേശങ്ങൾ തിരഞ്ഞെടുത്തായിരുന്നു പ്രചാരണ ജാഥ സഘടിപ്പിച്ചത്. കൂത്തപറമ്പിലെ ജാഥയുടെ സമാപനത്തിൽ പ്രസംഗിക്കാനായി നേതാക്കളെത്തുമ്പോഴാണ് ക്വട്ടേഷൻ സംഘം ഫ്യൂസ് ഊരി പ്രദേശം മുഴുവൻ ഇരുട്ടിലാക്കിയത്. തുടർന്ന് നേതാക്കൾ കത്തിച്ചുപിടിച്ച മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം നടത്തി.
ഫ്യൂസ് ഊരി പരസ്യമായി തങ്ങളുടെ പ്രതിഷേധം അറിയിച്ച ക്വട്ടേഷൻ സംഘത്തിന് പാർട്ടിക്കുളളിൽ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നതിനുളള സൂചന കൂടിയായിട്ടാണ് സംഭവത്തെ വിലയിരുത്തിയത്. കണ്ണൂരിൽ ഈ സംഘങ്ങൾക്കുളള സ്വാധീനശക്തികൂടി വെളിവാക്കുന്നതായിരുന്നു ഫ്യൂസ് ഊരിക്കൊണ്ടുളള പ്രതിഷേധം.
Content Highlights:DYFI launches campaign against quotation groups