പട്യാല
ഇന്റർസ്റ്റേറ്റ് അത്ലറ്റിക് മീറ്റിന്റെ രണ്ടാംദിവസം കേരളത്തിന് ഇരട്ടസ്വർണം. 400 മീറ്റർ ഹർഡിൽസിൽ എം പി ജാബിറും വി കെ ശാലിനിയുമാണ് സ്വർണം നേടിയത്. പുരുഷവിഭാഗത്തിൽ ജാബിർ 49.78 സെക്കൻഡിൽ ഒന്നാമതെത്തി. വനിതകളിൽ ശാലിനി 1:01.63 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഹൈജമ്പിൽ ജിയോ ജോസ് വെള്ളിയും ആരോമൽ വെങ്കലവും നേടി (ഇരുവരും 2.15 മീറ്റർ). ഡൽഹിയുടെ തേജസ്വിൻ ശങ്കറിനാണ് (2.20) സ്വർണം.
നൂറു മീറ്റിൽ സ്വർണമണിഞ്ഞ് പഞ്ചാബിന്റെ ഗുരീന്ദർവീർ സിങ് (10.27 സെക്കൻഡ്) വേഗക്കാരനായി. ലവ്പീത് സിങ്ങിനാണ് വെള്ളി. കേരളത്തിന്റെ കെ പി അശ്വിൻ ആറാമതായി. വനിതകളിൽ തമിഴ്നാടിന്റെ ധനലക്ഷ്മിയാണ് (11.52) വേഗക്കാരി. ശ്രീലങ്കയുടെ അമാഷ ഡിസിൽവ വെള്ളി നേടി. തമിഴ്നാട്ടുകാരി അർച്ചന സുശീന്ദ്രൻ വെങ്കലം നേടി. ദേശീയ റെക്കോഡുകാരി ദ്യുതിചന്ദ് നാലാമതായി. കേരളത്തിന്റെ പി ഡി അഞ്ജലി ആറാംസ്ഥാനത്താണ്.വനിതകളുടെ ലോങ്ജമ്പിൽ ഉത്തർപ്രദേശിന്റെ ശൈലി സിങ് (6.48 മീറ്റർ) സ്വർണം നേടി. ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള അവസാന അവസരമാണിത്. 29ന് അവസാനിക്കും.