തിരുവനന്തപുരം
സാങ്കേതിക സർവകലാശാലയുടെ അന്താരാഷ്ട്രതലത്തിലുള്ള ആദ്യ ക്യാമ്പസ് റിക്രൂട്ട്മെന്റിൽ രണ്ട് വിദ്യാർഥികൾക്ക് വിദേശത്ത് നിയമനം. കോവിഡ് പ്രതിസന്ധിയിൽ ക്യാമ്പസ് റിക്രൂട്ട്മെന്റ് കുറയുന്ന സാഹചര്യത്തിലാണ് നേട്ടം.
അമേരിക്കൻ ഇൻഫർമേഷൻ ടെക്നോളജി മൾട്ടിനാഷണൽ കമ്പനിയായ വിർച്യുസയാണ് സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലെ 2021ൽ പഠനം പൂർത്തിയാക്കിയവർക്കായി റിക്രൂട്ട്മെന്റ് നടത്തിയത്. സാവിയോ സിബി (മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്, കോതമംഗലം), ലിൻഡ സാറാ ഫിലിപ്പ് (സെന്റ് തോമസ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ) എന്നിവർക്ക് വിർച്യുസയിൽ നിയമനം ലഭിച്ചു. പഠനം പൂർത്തിയാക്കി യുഎസിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികളെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. സർവകലാശാലയിലെ ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെൽ ആണ് റിക്രൂട്ട്മെന്റ് ഡ്രൈവിന് നേതൃത്വം നൽകിയത്. പാസ്പോർട്ട് ഉള്ളവരും വിർച്യുസയുടെ യുഎസ് ഓഫീസിലേക്ക് പോകാൻ താൽപ്പര്യമുള്ളവരുമാണ് പങ്കെടുത്തത്.