ന്യൂഡൽഹി
മോഡി സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾക്കുമെതിരെ രാജ്യമെങ്ങും കർഷകരോഷം. ഡൽഹി അതിർത്തി കേന്ദ്രീകരിച്ചുള്ള കർഷകസമരം ഏഴുമാസം പിന്നിടുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ ‘കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി പ്രക്ഷോഭം സംഘടിപ്പിച്ചത്.
രാജ്യവ്യാപകമായി ആഹ്വാനംചെയ്ത രാജ്ഭവൻ ധർണയിലും ജില്ലാ–- താലൂക്ക് തല പ്രതിഷേധ പരിപാടികളിലും ജനലക്ഷങ്ങൾ പങ്കാളികളായി. കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള നിവേദനം കർഷകസംഘടനാ നേതാക്കൾ ഗവർണർമാർക്ക് കൈമാറി. വിദ്യാർഥി–- യുവജന–- മഹിളാ സംഘടനകളും പിന്തുണയുമായി രംഗത്തുവന്നു.
കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലും ബിജെപി ഭരണ സംസ്ഥാനങ്ങളിലും തെലങ്കാനപോലെ ചുരുക്കം സംസ്ഥാനങ്ങളിലും കർഷകരെ പൊലീസ് നേരിട്ടു. പല ബിജെപി ഭരണ സംസ്ഥാനങ്ങളിലും ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടു. മോഡി സർക്കാരിന് കീഴിൽ നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതിഫലനമാണിതെന്ന് സംയുക്ത കിസാൻ മോർച്ച പ്രതികരിച്ചു.
ചണ്ഡീഗഢിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് തീർത്ത ബാരിക്കേഡുകൾ തകർത്ത് കർഷകർ മുന്നോട്ടുനീങ്ങി. ആയിരക്കണക്കിന് കർഷകർ പ്രക്ഷോഭത്തിൽ പങ്കാളികളായി. ഡെറാഡൂൺ, ബംഗളൂരു, ഹൈദരാബാദ്, ഭോപ്പാൽ, ഡൽഹി എന്നിവിടങ്ങളിൽ രാജ്ഭവനിലേക്ക് മാർച്ചുചെയ്ത കർഷകരെ അറസ്റ്റുചെയ്തു നീക്കി. ഡൽഹിയിൽ അറസ്റ്റുചെയ്യപ്പെട്ടർക്ക് ലെഫ്. ഗവർണറുമായി ഓൺലൈൻ കൂടിക്കാഴ്ചയ്ക്ക് പൊലീസ് പിന്നീട് സൗകര്യമൊരുക്കി. യുപി, മഹാരാഷ്ട്ര, ഹിമാചൽ, ബംഗാൾ, ഒഡിഷ, ബിഹാർ, രാജസ്ഥാൻ, ത്രിപുര, തമിഴ്നാട്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ കർഷകർ ഗവർണറെ കണ്ട് നിവേദനം കൈമാറി.
ഡൽഹിയിൽ അതീവജാഗ്രത പ്രഖ്യാപിച്ചിരുന്നു. പൊലീസ് പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകൾ തീർത്തു. മൂന്ന് മെട്രോ സ്റ്റേഷൻ അടച്ചു. കാർഷിക നിയമത്തിലെ വിവിധ വ്യവസ്ഥകളിൽ ചർച്ചയ്ക്ക് ഒരുക്കമാണെന്നും കർഷകർ സമരം അവസാനിപ്പിക്കണമെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ആഹ്വാനംചെയ്തു. എന്നാൽ, എതിർപ്പുള്ള വ്യവസ്ഥകൾ നേരത്തേ അറിയിച്ചിട്ടുണ്ടെന്നും ചില്ലറ ഭേദഗതികൾകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്നും നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്നും മോർച്ച ആവശ്യപ്പെട്ടു.