ക്വട്ടേഷൻ പ്രവർത്തനങ്ങളുടെ പേരിലാണ് അന്ന് നടപടി നേരിട്ടതെന്നാണ് മനോരമ റിപ്പോർട്ട്. പാർട്ടിയുടെ പിന്തുണ ഉള്ളതിനാൽ മറ്റ് ക്വട്ടേഷൻ സംഘങ്ങൾ അർജുനെ ഭയന്നിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്ലസ് ടു പഠനം പൂർത്തിയാക്കിയ അർജുന്റെ ജോലി സംബന്ധിച്ച് നാട്ടുകാർക്ക് വിവരമില്ല. എന്നാൽ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു.
എടയന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്താണ് അർജുൻ. വിവിധ സ്റ്റേഷനുകളിൽ അർജുനെതിരെ നിരവധി കേസുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒളിവിലുള്ള അർജുനെ കണ്ടെത്തിയാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അർജുന്റെ സംഘത്തിലുണ്ടായിരുന്ന മിക്കവരും ഒളിവിലാണെന്നാണ് നാട്ടുകാരുടെ ഭാഷ്യം.
അതേസമയം അർജുൻ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയായ സി സജേഷിനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കി. കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറിയാണ് സജേഷ്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി അടുപ്പം പുലർത്തിയതിനാണ് നടപടി.