അഗളി > അട്ടപ്പാടിയിലും കേരളത്തിലെ മറ്റ് ആദിവാസി മേഖലകളിലും ഒരു മാസത്തിനകം 100 ശതമാനം വാക്സിനേഷൻ നടപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ്. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ച്, അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ വാക്സിൻ ലഭിക്കുന്നതിലെ കുറവ് പ്രശ്നമാണ്. എന്നാൽ ആദിവാസി മേഖലയ്ക്ക് പ്രത്യേക മുൻഗണന നൽകി വാക്സിൻ എത്തിക്കും. അട്ടപ്പാടിയിൽ സ്ത്രീകളും, കുട്ടികളുമടക്കമുള്ളവരുടെ ആരോഗ്യ പരിരക്ഷയ്ക്കായി കൂടുതൽ സമഗ്രമായ സംയോജിത പോഷക പദ്ധതികൾ നടപ്പാക്കുമെന്നും വീണ ജോർജ് പറഞ്ഞു. അട്ടപ്പാടിയിൽ മുൻകാലങ്ങളിൽ ഉണ്ടായ നവജാത ശിശുക്കളുടെ മരണ നിരക്ക് കുറയ്ക്കാൻ നിരന്തരവും കാര്യക്ഷമവുമായ ഇടപെടലുകൾ കൊണ്ട് സാധ്യമായി. തുടർന്നും കൂടുതൽ ഗുണകരമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കും.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തരമായി ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ജില്ലയിലെ മൊബൈൽ ആർടിപിസിആർ ടെസ്റ്റിങ് യൂണിറ്റ് ആഴ്ചയിൽ ഒരിക്കൽ അട്ടപ്പാടിയിൽ എത്തും. അട്ടപ്പാടിയിലെ 32,000 വരുന്ന ആദിവാസികളിൽ 82 ശതമാനം വാക്സിനേഷൻ പൂർത്തിയായി. ആദിവാസികൾ ആശ്രയിക്കുന്ന കോട്ടത്തറ ആശുപത്രിയിൽ കൂടുതൽ തസ്തിക സൃഷ്ടിക്കുമെന്നും അടിസ്ഥാന സൗകര്യ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതൂർ ഊരിലെ സമൂഹ അടുക്കളയും പുതൂർ കുടുംബ ആരോഗ്യ കേന്ദ്രവും മന്ത്രി സന്ദർശിച്ചു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കേന്ദ്രീകൃത ഓക്സിജൻ വിതരണ യൂണിറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു.
എൻ ഷംസുദീൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മാത്യു, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂർത്തി, പുതൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, ഡിഎംഒ ഡോ. കെ പി റീത്ത, അട്ടപ്പാടി നോഡൽ ഓഫീസർ ഡോ. ആർ പ്രഭുദാസ്, അട്ടപ്പാടി ബ്ലോക്ക് കോവിഡ് നോഡൽ ഓഫീസർ ജൂഡ് തോംസൺ എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു.