കൊച്ചി > ‘ഓലമടലെൻ സമരം’ എന്ന പേരിൽ വേറിട്ട സമരമുറയുമായി സേവ് ലക്ഷദ്വീപ് ഫോറം. ഫോറത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ചയാണ് പുതിയ സമരമുറ അരങ്ങേറുന്നത്. പറമ്പിൽ ഓലമടലുകൾ കൂട്ടിയിട്ട് അതിനുമീതെ കിടന്നാണ് ലക്ഷദ്വീപുകാർ സമരം ചെയ്യുക. തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതു ഇടങ്ങളിലോ കാണരുതെന്ന ലക്ഷദ്വീപ് അധികൃതരുടെ ഉത്തരവിനെതിരെയാണ് സമരം.
‘ലക്ഷദ്വീപ് ഖരമാലിന്യസംസ്കരണ നിയമം 2018’-ന്റെ ചുവടുപിടിച്ചാണ് ഭരണനേതൃത്വം ഉത്തരവിറക്കിയത്. മാലിന്യസംസ്കരണത്തിനായി ശാസ്ത്രീയസംവിധാനമൊന്നും ഒരുക്കാതെയാണ് ഉത്തരവ്. ഓലമടലുകൾ കത്തിക്കരുതെന്ന ഓർമപ്പെടുത്തലും ഒപ്പമുണ്ട്. മടൽ കത്തിച്ചാൽ പരിസരം മലിനമാക്കിയതിന് നടപടി എടുക്കും. മടൽ ഉൾപ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാതെ ഭൂ ഉടമതന്നെ ശാസ്ത്രീയമായി സംസ്കരിക്കണമെന്നാണ് ഉത്തരവ്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാൽ 200 രൂപയാണ് പിഴ.
500 മുതൽ 5000 രൂപവരെയാണ് മറ്റു പിഴത്തുകകൾ. തെങ്ങുനിറഞ്ഞ ലക്ഷദ്വീപിൽ ഈ ഉത്തരവ് പ്രായോഗികമല്ലെന്ന് ദ്വീപുകാർ പറയുന്നു. ജൈവമാലിന്യം ശേഖരിക്കുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടശേഷമാണ് ഉത്തരവിറക്കിയതെന്നും ദ്വീപുകാർ ആരോപിക്കുന്നു.