തിരുവനന്തപുരം: എം.സി. ജോസഫൈൻ പ്രത്യേക സാഹചര്യത്തിൽ സമ്മർദത്തിന്റെ പുറത്ത് ഇത്തരത്തിൽ പ്രതികരിച്ചതാകാമെന്നും അത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം പി.ബി അംഗം എം.എ.ബേബി. പാർട്ടി സെക്രട്ടറിയേറ്റിൽ ജോസഫൈൻ സ്വയം ന്യായീകരിച്ചില്ലെന്നും സ്വന്തം സ്ഥാനം ത്യജിച്ചുകൊണ്ട് നല്ലൊരു മാതൃകയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു എം.എ. ബേബി.
സമൂഹം സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കാണിക്കേണ്ട ശ്രദ്ധ, മാനുഷികത ഇതെല്ലാം അറിയാവുന്ന ആളാണ് ജോസഫൈൻ. പ്രത്യേക സാഹചര്യത്തിൽ, എന്തൊക്കെയോ സമ്മർദ്ദത്തിന്റെ മൂലം ഇത്തരത്തിൽ പ്രതികരിച്ചു എന്നത് യാഥാർഥ്യമാണ്. അത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. അത് മനസിലാക്കിയാണ് ജോസഫൈൻ തന്നെ ഖേദം പ്രകടിപ്പിച്ചതെന്നും എം.എ. ബേബി പറഞ്ഞു.
സി.പി.എം. സെക്രട്ടറിയേറ്റ് യോഗത്തിൽ ജോസഫൈൻ ന്യായീകരിക്കുകയല്ല ചെയ്തത്. വാക്കുകൾ വിവാദമായ സാഹചര്യത്തിൽ പാർട്ടിക്ക് പ്രശ്നമാകുന്ന തരത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അവർ പറഞ്ഞു. വളരെ വലിയ ജനാധിപത്യ മാതൃകയാണ് ഇത്. തെറ്റുണ്ടായാൽ എങ്ങനെ തിരുത്തണം എന്നതിന്റെ നല്ലൊരു പാഠമാണ് സിപിഎം സമൂഹത്തിന് നൽകിയിരിക്കുന്നത്. സ്വന്തം സ്ഥാനം ത്യജിച്ചുകൊണ്ട് ജോസഫൈനും നല്ലൊരു മാതൃകയാണ് കാണിച്ചിരിക്കുന്നത്.
സംസാരിക്കുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകൾ എന്താണ്, ഭാവം എന്തായിരിക്കണം ഇതൊക്കെ സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള വലിയൊരു പാഠമായി കൂടെ ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ പെരുമാറണം എന്ന കാര്യത്തിലുള്ള ഒരു ഉപദേശം കൂടിയാണ് ഈ സംഭവവികാസവും അതിലുണ്ടായ തീരുമാനവും. സമൂഹത്തിനും എല്ലാ പാർട്ടികളിലും പ്രവർത്തിക്കുന്നവർക്കും ഉപദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ വനിത കമ്മീഷൻ അധ്യക്ഷയായി പൊതുപ്രവർത്തന രംഗത്തുള്ളവർ ആയിരിക്കണോ അതോ പ്രമുഖ വ്യക്തികൾ വേണോ എന്ന കാര്യത്തിൽ സിപിഎമ്മും ഇടതുപക്ഷ മുന്നണിയും ആശയവിനിമയം നടത്തി തീരുമാനം എടുക്കും. ഇപ്പോൾ അതിനെക്കുറിച്ച് ചർച്ചയും ആലോചനയുമില്ലെന്നും എം.എ. ബേബി പറഞ്ഞു.
Content Highlights: M. A. Baby on M C Josephine issue













