കോഴിക്കോട്: രാമനാട്ടുകരയിലെ അപകടത്തിന് പിന്നാലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പഴയ കേസുകൾ അന്വേഷിക്കാൻ പ്രത്യേക ദൗത്യ സംഘത്തിന്റെ തീരുമാനം. എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.
കൊലപാതകങ്ങൾ, ദുരൂഹമരണങ്ങൾ, തട്ടികൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കേസുകളാണ് പൊടിതട്ടിയെടുക്കുന്നത്. പണമിടപാടുകളും കാണതായവരെ പറ്റിയും അന്വേഷിക്കും. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുൾപ്പെട്ട പഴയ കേസും ഇതിലുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേ ദൗത്യ സംഘത്തിന്റെ യോഗത്തിലാണ് അന്വേഷണം നടത്താനുള്ള തീരുമാനമെടുത്തത്.എല്ലാ ജില്ലകളിൽ നിന്നുമുള്ള പോലീസ് ഓഫീസർമാരും അന്വേഷണസംഘത്തിന്റെ ഭാഗമാകും. തീവ്രവാദ വിരുദ്ധസേന തലവൻ അനൂപ് കുരുവിള ജോണും യോഗത്തിൽ പങ്കെടുത്തിരുന്നു.
സ്വർണം വിറ്റു മടങ്ങി വന്ന സംഘത്തിൽ നിന്ന് അഞ്ചു കോടി രൂപ തട്ടിയെടുത്ത 2016-ലെ കേസാണ് അന്വേഷണ പരിധിയിൽ വരുന്ന ഒരു കേസ്. നാദാപുരത്തും വടകരയിലും അടുത്തിടെ ചില പ്രവാസികളെ തട്ടിക്കൊണ്ടു പോയ കേസുകളിലും വിശദമായ പരിശോധന നടത്തുന്നുണ്ട്.
രാമനാട്ടുകരയിൽ അപകടത്തിൽ മരിച്ച അഞ്ചുപേർ ഉൾപ്പെട്ട സംഘത്തിലുള്ളവർ മറ്റു ചില സുപ്രധാന കേസുകളിലേക്ക് വഴിതെളിച്ചതിന് പിന്നാലെയാണ് പഴയ കേസുകൾ പുനഃപരിശോധിക്കുന്നത്.














