തിരുവനന്തപുരം
സംസ്ഥാനത്ത് എൻജിനിയറിങ് ബിരുദ പ്രവേശനം എൻട്രൻസ് കമീഷണർ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽമാത്രം മതിയെന്ന ശുപാർശയിൽ സർക്കാർ തീരുമാനം വൈകും. സിബിഎസ്ഇ പരീക്ഷാ ഫലം വന്നശേഷമേ അന്തിമതീരുമാനം കൈക്കൊള്ളൂ. പ്ലസ്ടു ഫലം ജൂലൈ മൂന്നാംവാരം പ്രസിദ്ധീകരിക്കുന്നുണ്ട്. സിബിഎസ്ഇ 12–-ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈയിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ എൻട്രൻസ് പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിനൊപ്പം പ്ലസ്ടുവിന്റെ (തത്തുല്യം) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ മാർക്കും പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷ നടത്തിയെങ്കിലും സിബിഎസ്ഇ 12–-ാം ക്ലാസ് പരീക്ഷ രാജ്യമാകെ ഉപേക്ഷിച്ചു. ക്ലാസ് മുറിയിൽ പഠനം അസാധ്യമാകുകയും പ്ലസ്ടുവിന് തുല്യമായ മറ്റു പല ബോർഡ് പരീക്ഷകളും റദ്ദാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എൻട്രൻസ് സ്കോർമാത്രം പരിഗിണച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കാമെന്ന ശുപാർശ എൻട്രൻസ് കമീഷണർ സർക്കാരിന് സമർപ്പിച്ചത്.
രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും കൂടിയാലോചനയിലൂടെയേ തീരുമാനം ഉണ്ടാകൂവെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവും വ്യക്തമാക്കിയിട്ടുണ്ട്. എൻജിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് സംസ്ഥാനത്ത് 84162 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എൻജി. പ്രവേശനം: എഐസിടിഇ തീരുമാനം പുനഃപരിശോധിക്കുന്നു
പ്ലസ് ടു തലത്തിൽ കണക്കും ഊർജതന്ത്രവും പഠിക്കാത്തവർക്കും എൻജിനിയറിങ് പ്രവേശനത്തിനു അനുമതി നൽകിയ തീരുമാനം എഐസിടിഇ(അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ) പുനഃപരിശോധിക്കുന്നു. കേന്ദ്രസർക്കാർ വിളിച്ച യോഗത്തിൽ എഐസിടിഇ തീരുമാനത്തിൽ നിതി ആയോഗ് പ്രതിനിധി ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്. തെറ്റായ ദിശയിലുള്ള തീരുമാനമാണ് ഇതെന്ന് ശാസ്ത്രജ്ഞനും നിതി ആയോഗ് അംഗവുമായ വി കെ സാരസ്വത് യോഗത്തിൽ ചൂണ്ടിക്കാട്ടി.
കണക്ക്, ഊർജതന്ത്രം, രസതന്ത്രം, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യ, ജീവശാസ്ത്രം, ജൈവസാങ്കേതിക വിദ്യ, ഇൻഫോമാറ്റിക്സ് പ്രാക്ടീസസ്, എൻജിനിയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ്, സംരംഭകത്വം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയം, അഗ്രികൾച്ചർ എന്നിവയിൽ ഏതെങ്കിലും മൂന്ന് എണ്ണത്തിൽ 45 ശതമാനം മാർക്ക് നേടിയവർക്ക് എൻജിനിയറിങ് പ്രവേശനം നേടാമെന്ന പരിഷ്കാരമാണ് എഐസിടിഇ കൊണ്ടുവന്നത്. എന്നാൽ, കണക്കും ഊർജതന്ത്രവും പഠിക്കാത്തവർ നാല് വർഷ ബിടെക് കോഴ്സിനിടെ ഇവ ബ്രിഡ്ജ് കോഴ്സായി പൂർത്തീകരിക്കണം. ഈ പരിഷ്കാരത്തെ ഒട്ടേറെ വിദഗ്ധർ എതിർത്തു.
തീരുമാനത്തിൽ എഐസിടിഇ ഉറച്ചുനിൽക്കുകയാണെങ്കിലും ഭാഗികമായി ഭേദഗതി വരുത്താനാണ് നീക്കം. പ്ലസ് ടു തലത്തിൽ കണക്കും ഊർജതന്ത്രവും പഠിക്കാത്തവർക്ക് ചേരാൻ കഴിയുന്ന എൻജിനിയറിങ് കോഴ്സുകൾ പ്രത്യേകം വിജ്ഞാപനം ചെയ്യും. ഇതിനായി കെ കെ അഗർവാളിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു.