ഐക്യരാഷ്ട്രകേന്ദ്രം
വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ജൂത കുടിയേറ്റങ്ങൾ വ്യാപിപ്പിക്കുന്ന ഇസ്രയേൽ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് യുഎൻ. പലസ്തീൻരാഷ്ട്രത്തിന്റെ ഭാഗമാവേണ്ട ഇടങ്ങളിൽ കുടിയേറ്റങ്ങൾ വ്യാപിപ്പിക്കുന്നത് അടിയന്തരമായി നിർത്തിവയ്ക്കണമെന്നും യുഎൻ ഇസ്രയേൽ സർക്കാരിനോട് ആവശ്യപ്പെട്ടു. പലസ്തീൻകാരുടെ വീടുകൾ പൊളിക്കുന്നതും അവസാനിപ്പിക്കണം.
മേഖലയിലെ ജൂത കുടിയേറ്റങ്ങൾക്ക് നിയമസാധുതയില്ലെന്ന് 2016ൽ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു–- യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, മേഖലയിലേക്കുള്ള ദൂതൻ ടോർ വെന്നസ്ലാൻഡ് എന്നിവർ രക്ഷാസമിതിക്കുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കിഴക്കൻ ജറുസലേമിലെ ഹർഹോമ കുടിയേറ്റത്തിൽ 540 വീടുകൂടി പണിയാനുള്ള നീക്കം ഇസ്രയേൽ നിയമത്തിന്റെതന്നെ ലംഘനമാണെന്നും ഗുട്ടറസിന്റെ 12 പേജ് റിപ്പോർട്ട് ഉദ്ധരിച്ച് വെന്നസ്ലാൻഡ് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാര ശ്രമങ്ങൾക്ക് ഏറ്റവും വലിയ തടസ്സം ഇസ്രയേലിന്റെ ഇത്തരം നടപടികളാണ്.
രക്ഷാസമിതി പ്രമേയം പാസാക്കി നാലര വർഷം കഴിഞ്ഞും അതിലെ ഒരു ആവശ്യംപോലും നടപ്പാക്കാൻ ഇസ്രയേൽ തയ്യാറായില്ല. അടുത്തിടെയുണ്ടായതുപോലുള്ള ആക്രമണങ്ങൾ ഒഴിവാക്കണം. ഇരുവശത്തുനിന്നും പ്രകോപനം ഉണ്ടാകരുത്–- ഗുട്ടറസും വെന്നസ്ലാൻഡും ആവശ്യപ്പെട്ടു.