തിരുവനന്തപുരം: വനിതകമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്ന് എം.സി. ജോസഫൈൻ നടത്തിയ പരാമർശം സമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിശോധിച്ചുവെന്നും ജോസഫൈന്റെ രാജി സന്നദ്ധത പാർട്ടി അംഗീകരിച്ചുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാധ്യമ ചർച്ചയിൽ പങ്കെടുക്കവെ ജോസഫൈൻ നടത്തിയ പരാമർശം സമൂഹം ചർച്ചചെയ്തു. സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്ക് പരിഹാരം കാണാൻ മുന്നിട്ടിറങ്ങുന്ന വ്യക്തിയാണെങ്കിലും അവർ നടത്തിയ പരാമർശം പൊതുവെ സമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ല. അവർ തന്നെ അത് തെറ്റാണെന്ന് പറയുകയുണ്ടായി. ഖേദം രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിൽ നടന്ന വിഷയം എന്ന നിലയിലാണ് സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം പരിശോധിച്ചത്.
യോഗത്തിൽ പങ്കെടുത്ത് ജോസഫൈൻ ഉണ്ടായ സംഭവങ്ങൾ വിശദീകരിച്ചു. അവർക്ക് പറ്റിയ പിഴവിൽ ഖേദം രേഖപ്പെടുത്തിയെന്നും അറിയിച്ചു. വനിതകമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി സന്നദ്ധതയും അറിയിച്ചു. അങ്ങനെയാണ് അവർ രാജിവെക്കുന്നത്. രാജിസന്നദ്ധത പാർട്ടി അംഗീകരിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. ജോസഫൈന്റെ രാജി പാർട്ടി ആവശ്യപ്പെട്ടതാണോ എന്ന് മാധ്യമ പ്രവർത്തകർ ആവർത്ത് ചോദിച്ചുവെങ്കിലും നിങ്ങൾ ഉദ്ദേശിക്കുന്ന അതേ വാക്ക് പറയണമെന്ന് നിർബന്ധിക്കരുതെന്ന് വിജയരാഘവൻ മറുപടി നൽകി.
രാമനാട്ടുകരയിൽ നടന്ന അപകടവും സ്വർണക്കടത്തും സംബന്ധിച്ച ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർ ഉന്നയിച്ചുവെങ്കിലും വനിതകമ്മീഷൻ വിഷയത്തെ ലഘൂകരിക്കുന്ന ഒരു ചോദ്യവും ഇന്നത്തെ ദിവസം ചോദിക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇപ്പോഴുണ്ടായ വിഷയത്തിലാണ് ജോസഫൈനെതിരായ നടപടി. ജോസഫൈന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലാത്ത കാര്യങ്ങളാണ് അതെല്ലാം എന്നും അദ്ദേഹം മറുപടി പറഞ്ഞു.
സ്ത്രീപക്ഷ കേരളം പ്രചാരണ പരിപാടി
സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ സ്ത്രീപക്ഷ കേരളം എന്ന പ്രചാരണ പരിപാടി സി.പി.എം. സംഘടിപ്പിക്കുമെന്നും എ. വിജയരാഘവൻ പറഞ്ഞു. ജൂലായ് ഒന്ന് മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ് പരിപാടി.
സി.പി.എം. അംഗങ്ങളും കേഡർമാരും പ്രാദേശിക തലത്തിൽ ഗൃഹസന്ദർശനം അടക്കമുള്ളവ നടത്തി സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പ്രചാരണം നടത്തും. ജൂലായ് എട്ടിന് സംസ്ഥാന വ്യാപകമായി പൊതുക്യാമ്പയിനും സംഘടിപ്പിക്കും. സ്ത്രീകൾ യുവാക്കൾ, വിദ്യാർഥികൾ, സാമൂഹ്യ – സാഹിത്യ – സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
Content Highlights:M C Josaphine Womens commission CPM A Vijayaraghavan