മോസ്കോ
റഷ്യയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. വ്യാഴാഴ്ച 20,182 പുതിയ കേസും 568 മരണവും റിപ്പോർട്ട് ചെയ്തു. ജനുവരിക്കുശേഷം ആദ്യമായാണ് രണ്ടും ഇത്ര ഉയരുന്നത്. ഇതേത്തുടർന്ന് വാക്സിൻ വിതരണം ഇരട്ടിയാക്കിയെന്ന് ഉപപ്രധാനമന്ത്രി താത്യാന ഗോലിക്കോവ പറഞ്ഞു. ബുധനാഴ്ച വരെ രാജ്യത്ത് 2.07 കോടിയോളം പേർക്ക് (14 ശതമാനം) വാക്സിൻ നൽകി. ഇതിൽ 1.67 കോടി പേർ രണ്ട് ഡോസും സ്വീകരിച്ചു. കേസുകൾ വർധിക്കുന്ന 14 മേഖലയിൽ സർക്കാർ ഉദ്യോഗസ്ഥർ, കച്ചവടക്കാർ, വിദ്യാർഥികൾ തുടങ്ങിയവർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. റഷ്യയിൽ ആകെ കോവിഡ് കേസുകൾ 54 ലക്ഷത്തോളവും മരണം 1.31 ലക്ഷവുമാണ്.