ന്യൂഡൽഹി
ജമ്മു കശ്മീരിൽ മണ്ഡല പുനർനിർണയം പൂർത്തീകരിച്ചശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്രസർക്കാർ. കശ്മീർ വിഷയം ചർച്ച ചെയ്യാൻ വിളിച്ച രാഷ്ട്രീയ പാർടികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതടക്കം അതിനുശേഷമേ നടക്കൂ. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുന്നതിൽ പ്രത്യേക സമിതിക്ക് രൂപം നൽകും. മണ്ഡല പുനർനിർണയവുമായി രാഷ്ട്രീയ പാർടികൾ സഹകരിക്കണമെന്ന് പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം വിളിച്ച ആദ്യ യോഗത്തിൽ കേന്ദ്രം അഭ്യർഥിച്ചു.
പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ ഗുപ്കാർ സഖ്യം പാർടികൾ രൂക്ഷമായി വിമർശിച്ചു. അത് പുനഃസ്ഥാപിക്കാൻ പോരാട്ടം തുടരുമെന്ന് നാഷണൽ കോൺഫറൻസും പിഡിപിയും സിപിഐ എമ്മും ഉൾപ്പെട്ട ഗുപ്കാർ സഖ്യം വ്യക്തമാക്കി. സംസ്ഥാനപദവി ആദ്യം പുനഃസ്ഥാപിക്കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് അതിനുശേഷം മതിയെന്നും ഗുപ്കാർ സഖ്യം ആവശ്യപ്പെട്ടു. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. പ്രത്യേക പദവിയെക്കുറിച്ച് പരാമർശിച്ചില്ല. ജമ്മു -കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രക്രിയയുമായി സഹകരിക്കുമെന്ന് ബിജെപി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു -കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹ, പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എന്നിവരും പങ്കെടുത്തു. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഗുലാംനബി ആസാദ്, മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള, സിപിഐ എം കേന്ദ്രക്കമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരാണ് രാഷ്ട്രീയ പാർടികളെ പ്രതിനിധാനം ചെയ്തത്. കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണ്ഡല പുനർനിർണയത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും. ദില്ലിയിലേക്കുള്ള ദൂരവും ഹൃദയങ്ങൾ തമ്മിലുള്ള ദൂരവും ഇല്ലാതാക്കാൻ താൽപ്പര്യപ്പെടുന്നുവെന്നും – മോഡി പറഞ്ഞു.