തിരുവനന്തപുരം> സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ “കാതോർത്ത്’ ഓൺലൈൻ സേവനങ്ങളിൽ പങ്കാളിയായി മന്ത്രി വീണ ജോർജ്. സ്ത്രീകൾക്ക് ഓൺലൈനായി കൗൺസലിങ്, നിയമ സഹായം, പൊലീസിന്റെ സേവനം എന്നിവ നൽകുന്നത് ‘കാതോർത്ത്’ പോർട്ടൽ വഴിയാണ്. ഈ സേവനത്തിനായി വിളിച്ച കാസർകോട് സ്വദേശിയുമായി മന്ത്രി നേരിട്ട് സംസാരിച്ചു. യുവതിയുടെ പ്രശ്നങ്ങൾ കേൾക്കുകയും നടപടി സ്വീകരിക്കാൻ വകുപ്പിന് നിർദേശം നൽകുകയും ചെയ്തു. കൗൺസലിങ്ങും നിയമ സഹായവുമാണ് യുവതി ആവശ്യപ്പെട്ടത്.
സ്ത്രീകളും പെൺകുട്ടികളും അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാൻ ‘കാതോർത്ത്’ ഓൺലൈൻ സേവനം തേടേണ്ടതാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഒരാൾ സേവനം ആവശ്യപ്പെട്ടു കഴിഞ്ഞാൽ എത്രയുംവേഗം പൊലീസ് സഹായം ലഭ്യമാക്കുന്നുണ്ട്.
വനിത ശിശുവികസനവകുപ്പ് സംവിധാനവും ബോധവൽക്കരണവും ശക്തിപ്പെടുത്താനായി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. നിലവിലെ വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കാതോർത്ത് സേവനങ്ങൾക്ക് (https://kathorthu.wcd.kerala.gov.in) പുറമെ 181 ഹെൽപ് ലൈൻ വഴിയും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 83 ലീഗൽ സർവീസ് പ്രൊവൈഡിങ് സെന്ററുകൾവഴിയും 39 ഫാമിലി കൗൺസലിങ് സെന്ററുകൾ വഴിയും സേവനങ്ങൾ ലഭ്യമാണ്.