കണ്ണൂർ: ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരാൾക്കും പാർട്ടിയിൽ യാതൊരു സ്ഥാനവുമുണ്ടാവില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചരണങ്ങൾക്കോ സംരക്ഷണത്തിനോ ക്വട്ടേഷൻ സംഘങ്ങളുടെ സഹായം വേണ്ടതില്ല. ഇതുപോലെ ധീരമായ നിലപാട് മറ്റ് രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷൻ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽആവശ്യപ്പെട്ടു.
ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ പലപ്പോഴും തർക്കങ്ങളുണ്ടാവാറുണ്ട്. അത് സംഘർഷത്തിലേക്കും ആക്രമണങ്ങളിലേക്കും നയിക്കുന്നു. അത്തരം ആക്രമണങ്ങൾക്ക് രാഷ്ട്രീയ മാനം നൽകാനും ക്വട്ടേഷൻ ഇടപാട് മറച്ചുവെക്കാനും ചിലർ ശ്രമിക്കുന്നു. ക്വട്ടേഷൻകാർ തട്ടിക്കൊണ്ടുവന്ന കള്ളപ്പണവും സ്വർണ്ണവും പങ്കുവെക്കുന്നതിലെ തർക്കം പരിഹരിക്കാൻ മദ്ധ്യസ്ഥം വഹിക്കുന്ന ചിലരുണ്ട്. അത്തരം നീക്കങ്ങൾ ക്വട്ടേഷന് തുല്യമായി മാത്രമേ കാണാൻ കഴിയു. ഇത്തരം സാമൂഹ്യതിന്മകൾക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പോലീസും കോടതിയുമാണ്.
ചിലയിടങ്ങളിലെ സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥം വഹിക്കാൻ ക്വട്ടേഷൻകാരിൽ ചിലർ രംഗത്തുവരാറുണ്ട്. ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് ബലാൽക്കാരമായിട്ടാണ് മദ്ധ്യസ്ഥവും തീരുമാനവും നടപ്പാക്കുന്നത്. ചില ക്വട്ടേഷൻ സംഘാംഗങ്ങൾ സൈബർ പോരാളികളെപ്പോലെ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ചിലർ ചാരിറ്റി പ്രവർത്തനങ്ങളിലേർപ്പെടുന്നു. ചില വിവാഹാഘോഷങ്ങളിൽ ആർഭാടപൂർവ്വം പങ്കെടുക്കുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതൊക്കെ തങ്ങളുടെ ക്രൂരതകളെ മറച്ചുവെക്കാനും സമൂഹത്തിൽ മാന്യത നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. ശുഭ്രവസ്ത്രം ധരിച്ച് രംഗത്തുവന്നാലൊന്നും ക്വട്ടേഷൻകാരുടെ വികൃതമുഖം ഇല്ലാതാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്വട്ടേഷൻ-മാഫിയ സംഘങ്ങൾക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ സിപിഎം ജൂലായ് അഞ്ചിന് കണ്ണൂർ ജില്ലയിൽ 3801 കേന്ദ്രങ്ങളിൽ വിപുലമായ കാമ്പയിൻ സംഘടിപ്പിക്കും. സ്വർണ്ണകള്ളക്കടത്തും കള്ളപ്പണ ഇടപാടും പോലീസ് നടപടികളുടെ ഫലമായി പുറംലോകം അറിഞ്ഞു തുടങ്ങി. പോലീസ് നടപടികളുടെ ഫലമായി പല ക്വട്ടേഷനുകളും പാളിപ്പോയി. കള്ളസ്വർണ്ണ വാഹകർക്ക് ജില്ലയിൽ ഏജന്റുമാരുമുണ്ട്. അത്തരം ചിലരും ക്വട്ടേഷൻകാരും അതിവേഗം സമ്പന്നരായി മാറുന്നു. മണിമാളികകൾ പണിയുന്നു. ഇത്തരക്കാർ സാമൂഹ്യദ്രോഹികളാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു
കൊടകര കുഴൽപ്പണ ഇടപാടാണ് സമീപകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ട. ജനവിധിയെ അട്ടിമറിക്കാൻ ബിജെപിയാണ് തിരഞ്ഞെടുപ്പ് സമയത്ത് കോടിക്കണക്കിന് കള്ളപ്പണം കേരളത്തിലെത്തിച്ചതെന്നും തെളിഞ്ഞു. അവരുടെ ലക്ഷ്യം വിജയിച്ചില്ലെന്ന് മാത്രമല്ല, നിലവിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടു. കള്ള സ്വർണവും കള്ളപ്പണവുമായതിനാൽ നഷ്ടപ്പെട്ട പലരും പരാതി കൊടുക്കാത്തത് മൂലം പലപ്പോഴും കേസുണ്ടാകാത്തതുമാണ് ക്വട്ടേഷൻ സംഘങ്ങളിലേക്ക് പലരെയും ആകർഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights:mv jayarajan statement against quotation mafia