തിരുവനന്തപുരം: വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സംസ്ഥാന വനിതകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് അവർ വൈകിട്ടോടെ പുറത്തിറക്കി.
വിശദീകരണം ഇങ്ങനെയാണ്: വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്വകാര്യ ചാനലിന്റെ ഫോൺ ഇൻ പരിപാടിയിൽ പങ്കെടുത്തു. അടുത്തിടെ സ്ത്രീകൾക്ക് എതിരായി നടക്കുന്ന അതിക്രമങ്ങളിൽ ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും അസ്വസ്ഥ ആയിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പ്രതികരണം നടത്താമോ എന്ന് അവർ ആവശ്യപ്പെട്ടിരുന്നു. തിരക്കുള്ള ദിവസമായിരുന്നു എങ്കിലും ആ പരിപാടിയിൽ പങ്കെടുത്തു. അതിനിടെ എറണാകുളം സ്വദേശിനിയായ ഒരു സഹോദരി തന്നെ വിളിച്ച് അവരുടെ കുടുംബ പ്രശ്നം പറഞ്ഞു. അവർ സംസാരിച്ചത് കുറഞ്ഞ ശബ്ദത്തിൽ ആയിരുന്നതിനാൽ വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല. അൽപ്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. അപ്പോഴാണ് അവർ പോലീസിൽ പരാതി നൽകിയിട്ടില്ല എന്ന് മനസിലായത്. അപ്പോൾ ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെ ആ കുട്ടിയോട് താൻ അക്കാര്യം ചോദിച്ചു എന്നത് വസ്തുതയാണ്. പരാതി കൊടുക്കാത്തതിലുള്ള ആത്മരോഷം കൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടിവന്നത്. എന്നാൽ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. തന്റെ വാക്കുകൾ മുറിവേൽപ്പിച്ചെങ്കിൽ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. – ജോസഫൈൻ പ്രസ്താവനയിൽ വ്യക്തമാക്കി.
വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ ഖേദപ്രകടനം.
Content Highlights:M C Josaphine Kerala womens commission