ഡോ. രാഹുലിന്‍റെ വിഷമം മനസിലാക്കുന്നു. ഇതുപോലുള്ള സംഭവങ്ങളില്‍ അതിശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ജോലിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രാജി വയ്ക്കുന്നെന്ന് മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ നിലപാടെടുത്തതിന് പിന്നാലെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമത്തിൽ മന്ത്രിയുടെ പ്രതികരണം ഉണ്ടായത്.
ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ലന്നും മന്ത്രി പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല. ശക്തമായി എതിർക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന് ശക്തവും കൃത്യവുമായ നിലപാടുകള്‍ തന്നെയാണുള്ളത്. ഡോക്ടര്‍ സമൂഹത്തിന്‍റെ വിഷമം മനസിലാക്കുന്നുണ്ട്. കൊവിഡ് മഹാമാരി സമയത്ത് വലിയ കഠിനാധ്വാനം ചെയ്യുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതിനാല്‍ തന്നെ അവര്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡ്യൂട്ടിക്കിടെ പോലീസുകാരൻ മർദ്ദിച്ചിട്ട് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഡോ രാഹുൽ മാത്യു രാജിവയ്ക്കുകയാണെന്ന് പറഞ്ഞത്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ട് പോലും നീതി കിട്ടിയില്ലെന്ന് ഡോക്ടര്‍ നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.