താൻ യുവതിയോട് തെറിയൊന്നും പറഞ്ഞിട്ടില്ല. ഓരോ ദിവസവും നിരവധി സ്ത്രീകളാണ് തങ്ങളെ വിളിച്ച് സംസാരിക്കുന്നത്. അതിനാൽ കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരാണ് തങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. എല്ലായിടത്തും വനിത കമ്മീഷന് ഓടിയെത്താൻ കഴിയില്ല. അതുകൊണ്ടാണ് പോലീസിൽ പരാതി പറയാൻ ആവശ്യപ്പെട്ടതെന്നും എം സി ജോസഫൈൻ പറഞ്ഞു.
ഞങ്ങളും പച്ചയായ മനുഷ്യരാണ്. എല്ലായിടത്തും ഓടിയെത്താൻ കഴിയില്ല എന്നതിനാലാണ് പോലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടത്. പോലീസിൽ പരാതി നൽകിയാൽ അതിൻ്റേതായ ഒരു ബലമുണ്ട്. പരാതി പറയാൻ കഴിയുന്ന എല്ലാവരോടും ഇങ്ങനെ പറയാറുണ്ട്. എന്നാൽ ചില യഥാവിധിയല്ല കാര്യങ്ങൾ മനസിലാക്കുന്നതും ഉൾക്കൊള്ളുന്നതും തിരിച്ച് പറയുന്നത്. അങ്ങനെ വരുമ്പോൾ ചിലപ്പോൾ ഉറച്ച ഭാഷയിൽ സംസാരിച്ച് കാണും. വനിത കമ്മീഷനുൾപ്പടയുള്ള സംവിധാനങ്ങളെ മാത്രം കുറ്റപ്പെടുത്തി ഏതെങ്കിലും ഒരു വാക്കോ, വാചകമോ അടർത്തിയെടുത്ത് അതിനെ മറ്റെന്തെങ്കിലും താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോവുകയല്ല വേണ്ടത്. സമൂഹമാണ് മാറേണ്ടതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു.
വനിതാ കമ്മീഷൻ അധ്യക്ഷനായി തന്നെ നിയമിച്ചത് യൂത്ത് കോൺഗ്രസല്ല. എന്നെ ഈ സ്ഥാനത്ത് നിയമിച്ചത് സർക്കാരാണ്. സർക്കാർ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും എം സി ജോസഫൈൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭര്‍തൃപീഡനവും സ്ത്രീധനപീഡനവും വിളിച്ചറിയിക്കാനായി നടത്തിയ ചാനൽ പരിപാടിയ്ക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോടാണ് എം സി ജോസഫൈൻ കയർത്ത് സംസാരിച്ചത്. ഭര്‍ത്താവ് ഉദ്രവിക്കാറുണ്ടെന്നും എന്നാൽ ഇതുവരെ പോലീസിൽ വിളിച്ച് അറിയിച്ചില്ലന്നും പറഞ്ഞ സ്ത്രീയോടു അനുഭവിച്ചോ എന്നായിരുന്നു വനിത കമ്മീഷൻ അധ്യക്ഷയുടെ പെട്ടെന്നുള്ള മറുപടി. എന്തുകൊണ്ടാണ് പോലീസിൽ അറിയിക്കാതിരുന്നതെന്നും എം സി ജോസഫൈൻ ചോദിച്ചു. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്.