തിരുവനന്തപുരം
എല്ലാ ജില്ലകളിലും റസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക പ്രതിഭകളെ ചെറുപ്രായത്തിൽ കണ്ടെത്തി വിദഗ്ധ പരിശീലനം ഉറപ്പാക്കാനാണ് റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ തുടങ്ങുന്നത്.
കായിക താരങ്ങൾക്കുള്ള നിലവിലെ പരിശീലന സൗകര്യം വർധിപ്പിക്കും. 14 ജില്ലയിലും സ്പോർട്സ് കോംപ്ളക്സ് യാഥാർഥ്യമാക്കും. 4050 കോടി രൂപ ചെലവിലാണ് ഈ പദ്ധതി. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അടിസ്ഥാനത്തിൽ ലഘുവ്യായാമ പാർക്കുകൾ ഒരുക്കാൻ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ‘കോവിഡ് 19ന് ശേഷമുള്ള കായിക പരിശീലനവും മത്സരങ്ങളുടെ പുനരാരംഭിക്കലും’ വിഷയത്തിലായിരുന്നു വെബിനാർ. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. ഒളിമ്പിക് ദിനാഘോഷങ്ങൾ ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. നരേന്ദർ ധ്രുവ് ബത്ര, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ, ജനറൽ സെക്രട്ടറി എസ് രാജീവ്, ജേക്കബ് പുന്നൂസ് എന്നിവർ സംസാരിച്ചു.