കൊച്ചി
യഥാസമയം ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തതിനെത്തുടർന്ന് അയോഗ്യനാക്കപ്പെട്ട എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തൽസ്ഥാനത്ത് തുടരുന്നതിൽനിന്ന് സർക്കാർ വിലക്കണമെന്ന് എസ്എൻഡിപി യോഗം വിമോചന സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടേശന്റെ സന്തതസഹചാരി കെ കെ മഹേശൻ ആത്മഹത്യ ചെയ്തിട്ട് ഒരു വർഷമായിട്ടും കേസ് എവിടെയും എത്തിയിട്ടില്ല. വെള്ളാപ്പള്ളിക്കെതിരായ കേസന്വേഷണം പൂർത്തിയാക്കി എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കാൻ അവസരം ഒരുക്കണമെന്നും അവർ പറഞ്ഞു.
നോൺ ട്രേഡിങ് കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ് എസ്എൻഡിപി. മൂന്നുവർഷംകൂടുമ്പോൾ ആദായനികുതി റിട്ടേൺ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാൽ അയോഗ്യതകൽപ്പിക്കാൻ ഐജിക്ക് അധികാരമുണ്ട്. യഥാസമയം റിട്ടേൺ സമർപ്പിക്കാത്തതിനാൽ രണ്ടുതവണയായി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട എസ്എൻഡിപി ഭരണസമിതി അയോഗ്യരാണ്. എന്നിട്ടും കുതന്ത്രങ്ങൾ ഉപയോഗിച്ച് നടേശൻ അധികാരത്തിൽ തുടരുകയും പുതിയ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയും ചെയ്തു.
മഹേശൻ ആത്മഹത്യ ചെയ്യുംമുമ്പ് നടേശനെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കേരളത്തിലെ മിക്ക കോടതികളിലും മൈക്രോ ഫിനാൻസ് കേസ് നിലനിൽക്കുന്നുണ്ട്. കൊല്ലം എസ്എൻ കോളേജ് ജൂബിലി ഫണ്ട് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിച്ചു. ഇതെല്ലാം കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.
എസ്എൻഡിപി യോഗം വിമോചന സംയുക്ത സമരസമിതി രക്ഷാധികാരി പ്രൊഫ. എം കെ സാനു, ചെയർമാൻ ഗോകുലം ഗോപാലൻ, കൺവീനർ പി പി രാജൻ, അഡ്വ. എൻ ഡി പ്രേമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.