കണ്ണൂര്‍> സി കെ ജാനുവിന് 25 ലക്ഷം രൂപ നല്‍കിയത് ആര്‍എസ്എസ് അറിവോടെയെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്.ആര്‍എസ്എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേഷാണു പണം ഏര്പ്പാടാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞെന്നാണ് ആരോപണം.
25 ലക്ഷം രൂപ കൈമാറുന്നതിനു മുന്‍പ് കെ സുരേന്ദ്രനും പ്രസീതയുമായി സംസാരിക്കുന്നതാണ് ഫോണ്‍ സംഭാഷണത്തില്‍. ഇടപാടുകള്‍ ബിജെപി ഓര്‍ഗനൈസിംഗ് സെക്രട്ടറി എം ഗണേഷിന്റെ അറിവോടെയെന്നു സുരേന്ദ്രന് പറയുന്നുണ്ട്.
‘മാര്‍ച്ച് 26ന് ഞങ്ങള്‍ താമസിച്ചിരുന്ന ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയില്‍ വെച്ചാണ് ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ജാനുവിന് പണം കൈമാറിയത്. പ്രശാന്ത് തുണി സഞ്ചിയിലാണു പണം കൊണ്ടുവന്നത്. സഞ്ചിയുടെ മുകളില്‍ ചെറുപഴമായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണെന്നാണു ചോദിച്ചപ്പോള്‍ പറഞ്ഞത്. സ്ഥാനാര്‍ഥിക്കു കൊടുക്കാനാണെന്നും സൂചിപ്പിച്ചു. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്കു വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണു പറഞ്ഞത്. അവരെടുത്തിട്ടു നിങ്ങള്‍ക്കു തരുമെന്നും പ്രതികരിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ജാനു വരികയും സഞ്ചി വാങ്ങുകയുമായിരുന്നു’- പ്രസീത വ്യക്തമാക്കി.
പൊതുസമൂഹം അറിയണമെന്ന് കരുതിയാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടതെന്ന് പ്രസീത മാധ്യമങ്ങളോട് പറഞ്ഞു. പണമിടപാട് ഡിജിറ്റലായാണ് നടന്നതെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍ പണമായി തന്നെയാണ് നല്‍കിയതെന്ന് വ്യക്തമാക്കുന്നതാണ് സുരേന്ദ്രനുമായുള്ള സംഭാഷണമെന്ന് പ്രസീത പറഞ്ഞു.