കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താന വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. കവരത്തി പോലീസ് ഹെഡ്ക്വാർട്ടേഴ്സിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശങ്ങളെ തുടർന്ന് ബി ജെ പി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുൽത്താനക്കെതിരേ രാജ്യദ്രോഹക്കേസ് എടുത്തത്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് ശേഷം വിട്ട് അയക്കുകയും ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഐഷ സുൽത്താന ലക്ഷദ്വീപിൽ തന്നെ തുടർന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വീണ്ടും ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയത്. തുടർന്ന് ഐഷ സുൽത്താന അവരുടെ അഭിഭാഷകനൊപ്പമാണ് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്.
ഇടക്കാല ജാമ്യം നേരത്തെ ഹൈക്കോടതി അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം നേടി പുറത്തിറങ്ങാനാകും.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ വിശദീകരണങ്ങൾ തന്നെയാണ് പോലീസിന് മുന്നിലും ഐഷ സുൽത്താന നൽകിയത്. അതേസമയം ഐഷ സുൽത്താന പങ്കെടുത്ത ചാനൽ ചർച്ചയിൽ പങ്കെടുത്തവരേയും വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് കവരത്തി പോലീസ്.
Content highlights:Aisha Sulthana appeared atKavarathy police for questioning