പാലക്കാട്: കോഴിക്കോട് രാമനാട്ടുകരയിൽ അഞ്ചുപേർ മരിച്ച അപകടത്തിൽപ്പെട്ട സംഘത്തിനെതിരെ യുവാവിന്റെ വെളിപ്പെടുത്തൽ. ഈ സംഘം 2019-ൽ തന്നെ മർദിച്ച് രണ്ടു കാറുകൾ തട്ടിയെടുത്തിട്ടുണ്ടെന്ന് യുവാവ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
വാഹനമോഷണം, ഭീഷണി, മർദനം എന്നിവ ഇവരുടെ സ്ഥിരം പരിപാടിയാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചരൽ ഫൈസൽ ഉൾപ്പടെയുള്ള ഇവരുടെ സംഘത്തിലെ പ്രധാനികളെ ഭയന്ന് പലരും പരാതി നൽകില്ലെന്നും യുവാവ് വെളിപ്പെടുത്തി.
തന്നെ ക്രൂരമായി മർദിച്ച ശേഷം എന്റേയും കൂട്ടുകാരന്റേയും വാഹനങ്ങൾ തട്ടിയെടുത്തു. പോലീസിൽ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് വാഹനം തിരിച്ചുകിട്ടിയത്. ഒരുപാട് പേർക്ക് ഇത്തരത്തിൽ ചെർപ്പുളശ്ശേരിയിൽ അനുഭവങ്ങളുണ്ടായിട്ടുണ്ട് യുവാവ് പറഞ്ഞു.
ഇതിനിടെ കള്ളക്കടത്ത് സ്വർണത്തിന് സുരക്ഷയൊരുക്കാനാണ് തങ്ങൾ കരിപ്പൂരിലെത്തിയതെന്ന് പിടിയിലായ യുവാക്കൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.. കണ്ണൂർ സ്വദേശിയാണ് ഇതിനുള്ള ക്വട്ടേഷൻ നൽകിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ചെർപ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷൻ നൽകിയ കണ്ണൂർ സ്വദേശിയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വർണമാഫിയയുടെ ഇടനിലക്കാരനായ ഇയാൾ ഗൾഫിലുള്ള സംഘത്തിനുവേണ്ടിയാണ് ചെർപ്പുളശ്ശേരി സംഘത്തെ ദൗത്യം ഏൽപ്പിച്ചതെന്നാണ് വിവരം.
സ്വർണക്കടത്ത് സംഘങ്ങളുമായി അടുത്തബന്ധമുള്ളവരാണ് പോലീസ് പിടിയിലായവർ. കള്ളക്കടത്ത് സ്വർണത്തിന് സുരക്ഷയൊരുക്കുന്നത് നേരത്തേ ഇവർ ഏറ്റെടുത്തിരുന്നതായും അവസരം കിട്ടുമ്പോൾ കള്ളക്കടത്ത് സ്വർണം കവർന്നിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ചിലർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കണ്ണൂർ സ്വദേശിയിലൂടെ ഗൾഫിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് സംബന്ധിച്ച വിവരങ്ങൾ സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നു. കഴിഞ്ഞ 16 മുതൽ കരിപ്പൂരിലെ ഓപ്പറേഷനുവേണ്ടി സംഘം പദ്ധതി തയ്യാറാക്കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഘം കരിപ്പൂരിലെത്തിയത്. കള്ളക്കടത്ത് സ്വർണം കാറിൽ കയറ്റിക്കൊണ്ടുപോയതായി സൂചനലഭിച്ച ഉടനെ വാഹനങ്ങൾ അതിവേഗത്തിൽ പിന്തുടർന്നു. ഇതാണ് അഞ്ചുപേരുടെ ജീവനെടുത്ത അപകടത്തിൽ കലാശിച്ചത്.