തിരുവനന്തപുരം
സംസ്ഥാനത്തിന് 2,26,780 ഡോസ് കോവിഡ് വാക്സിൻകൂടി. 1,76,780 ഡോസ് കോവീഷീൽഡ് വാക്സിനും 50,000 കോവാക്സിനുമാണ് ലഭിക്കുകയെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. കോവാക്സിൻ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം–- 53,500, എറണാകുളം–- 61,640, കോഴിക്കോട്–- 61,640 എന്നിങ്ങനെ റീജ്യണൽ സെന്ററുകൾക്ക് കോവീഷീൽഡ് നൽകും. ഇതിൽ എറണാകുളത്തിനുള്ള വാക്സിൻ ചൊവ്വാഴ്ച വൈകിട്ടോടെയും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ളത് അർധരാത്രിയോടെയുമാണ് എത്തിയത്.
വാക്സിൻ സംഭരണത്തിനുള്ള 20 ലിറ്ററിന്റെ 900 കോൾഡ് ബോക്സുകളും ലഭിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 240 കോൾഡ് ബോക്സുകൾ വീതമെത്തി. താപനഷ്ടം പരമാവധി കുറയ്ക്കുംവിധം പ്രത്യേക പോളിമറുകൾ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. ഏറെനേരം വൈദ്യുതി തടസ്സപ്പെടുകയോ ഐസ്ലൈൻഡ് റഫ്രിജറേറ്ററുകൾ കേടായാലോ വാക്സിനുകൾ സൂക്ഷിക്കാനാണ് ഇവ. ജില്ലാ റീജ്യണൽ വാക്സിൻ സ്റ്റോറുകളിൽനിന്ന് വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് വാക്സിനെത്തിക്കാനും ഇവ ഉപയോഗിക്കുന്നു.