ന്യൂഡൽഹി
ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം നൂറായി. 14 ഇനങ്ങളിലാണ് യോഗ്യത. പതിനാറംഗംവീതമുള്ള പുരുഷ, വനിതാ ഹോക്കി ടീം അടക്കമാണിത്. അത്ലീറ്റുകൾക്ക് യോഗ്യത നേടാൻ ഒരു അവസരംകൂടി ബാക്കിയുണ്ട്. പട്യാലയിൽ 25 മുതൽ 29 വരെ നടക്കുന്ന ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്.
പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് ടൂറാണ് ഒടുവിൽ യോഗ്യത നേടിയത്. പട്യാലയിൽ കഴിഞ്ഞദിവസം നടന്ന ഗ്രാൻ പ്രി മീറ്റിലാണ് 21.49 മീറ്ററോടെ യോഗ്യത. തജീന്ദർ അടക്കം 15 അത്ലീറ്റുകൾ ടോക്യോയിലേക്ക് ടിക്കറ്റെടുത്തു. അതിൽ മലയാളികളായ കെ ടി ഇർഫാൻ (20 കിലോമീറ്റർ നടത്തം), എം ശ്രീശങ്കർ (ലോങ്ജമ്പ്) എന്നിവരുണ്ട്. 4–-400 മീറ്റർ മിക്സഡ് റിലേ ടീമിൽ മുഹമ്മദ് അനസ്, വി കെ വിസ്മയ, ജിസ്ന മാത്യു, നോഹ നിർമൽ ടോം എന്നിവരും ഉൾപ്പെടുന്നു.
ജാവ്ലിൻ ത്രോയിൽ നീരജ് ചോപ്ര, ശിവ്പാൽസിങ്, ഡിസ്കസ്ത്രോയിൽ കമൽപ്രീത് കൗർ, സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലേ എന്നിവർ അണിനിരക്കുന്നു. നടത്തത്തിൽ ഇർഫാനുപുറമെ രാഹുൽ, സന്ദീപ് കുമാർ, പ്രിയങ്ക ഗോസ്വാമി, ഭാവനാജാട്ട് എന്നിവരുണ്ട്. മൻദീപ് സിങ് നയിക്കുന്ന പുരുഷ ഹോക്കി ടീമിൽ ഗോൾകീപ്പറായി മലയാളി പി ആർ ശ്രീജേഷുണ്ട്. വനിതാ ടീം ക്യാപ്റ്റൻ റാണി രാംപാലാണ്. ടേബിൾ ടെന്നീസിൽ നാലുപേർ. എട്ടു ഗുസ്തിക്കാർ. ബാഡ്മിന്റണിൽ പി വി സിന്ധു അടക്കം നാലുപേർ, അമ്പെയ്ത്തിന് നാല്.