സതാംപ്ടൺ
കൈൽ ജാമിസണ് മുഹമ്മദ് ഷമിയിലൂടെ മറുപടി നൽകി ഇന്ത്യ. നാല് വിക്കറ്റ് പിഴുത വലംകൈയൻ പേസറുടെ കരുത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ 249 റണ്ണിന് പുറത്താക്കി. ഒന്നാം ഇന്നിങ്സിൽ കിവികൾക്ക് 32 റൺ ലീഡുണ്ട്. ഇന്ത്യ 217 റണ്ണെടുത്തിരുന്നു. ആദ്യദിനം മഴ കളിയെടുത്തതിനാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കരുതൽദിനമായ ഇന്നും കളി നടക്കും. ഇതോടെ മത്സരം ആറ് ദിവസത്തേക്ക് നീളും. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റണ്ണെടുത്തിട്ടുണ്ട്.
രണ്ടിന് 101 എന്ന നിലയിലായിരുന്നു ന്യൂസിലൻഡ് ബാറ്റിങ് ആരംഭിച്ചത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 49 റണ്ണിന് പുറത്തായി. വാലറ്റക്കാരായ ജാമിസണും (16 പന്തിൽ 21), ടിം സൗത്തിയുമാണ് (46 പന്തിൽ 30) ന്യൂസിലൻഡിന് ലീഡൊരുക്കിയത്. 26 ഓവറിൽ 76 റൺ വഴങ്ങിയാണ് ഷമി മിന്നിയത്. ഇശാന്ത് ശർമ മൂന്ന് വിക്കറ്റെടുത്തു.