ന്യൂഡൽഹി
സ്ഥാനങ്ങളൊന്നുമില്ലാതെ ദുർബലമായിരിക്കുന്ന രമേശ് ചെന്നിത്തല–- ഉമ്മൻ ചാണ്ടി വിഭാഗങ്ങളെ കൂടുതൽ തളർത്താൻ കരുനീക്കങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചൊവ്വാഴ്ച വയനാട് എംപി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സതീശൻ കെപിസിസി പുനഃസംഘടനയിൽ ഗ്രൂപ്പ് വീതംവയ്പ് ഒരു കാരണവശാലും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടമായതിന് പുറമെ പുതിയ കെപിസിസി പ്രസിഡന്റിനെയും വർക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാൻഡ് നിയമിച്ചപ്പോഴും എ, ഐ ഗ്രൂപ്പുകൾക്ക് നഷ്ടം സംഭവിച്ചിരുന്നു. ഇക്കാര്യങ്ങളിലുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ ചെന്നിത്തല പ്രകടമാക്കിയിരുന്നു. കോൺഗ്രസിലെ പുതിയ നിയമനങ്ങൾക്കെതിരായി യോജിപ്പോടെ നീങ്ങാനാണ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും തീരുമാനം. പരമാവധി നേതാക്കളെ യോജിപ്പിച്ച് സംഘടനയിൽ പിടിമുറുക്കാനാണ് ഇരുവരുടെയും ശ്രമം. എന്നാൽ, സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും സതീശന്റെയും മറ്റും നേതൃത്വത്തിൽ ഒരു സമാന്തര ഗ്രൂപ്പ് ഇതിനെതിരായി രംഗത്തുണ്ട്.
ഗ്രൂപ്പുകൾ കോൺഗ്രസിനെ വിഴുങ്ങാൻ അനുവദിക്കില്ലെന്ന് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും പരോക്ഷമായി വിമർശിച്ച് മാധ്യമങ്ങളോട് സതീശൻ പറഞ്ഞു. പുനഃസംഘടന ഗ്രൂപ്പ് വീതംവയ്പാവില്ല. കഴിവുള്ളവരെ ഉൾപ്പെടുത്തും. യുഡിഎഫ് കൺവീനറെ കണ്ടെത്താൻ ഘടകകക്ഷികളുമായുള്ള ചർച്ച പാർടി നിർദേശമനുസരിച്ച് ആരംഭിക്കും–- സതീശൻ പറഞ്ഞു.
പ്രവർത്തകസമിതി അംഗം എ കെ ആന്റണി, കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എന്നിവരുമായും സതീശൻ കൂടിക്കാഴ്ച നടത്തി. വരുംദിവസങ്ങളിൽ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായും രാഹുൽ കൂടിക്കാഴ്ച നടത്തും.