കോഴിക്കോട്: രാമനാട്ടുകരയിൽ സ്വർണക്കള്ളക്കടത്ത് സംഘങ്ങൾ ഏറ്റുമുട്ടുകയും അഞ്ചു പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ സി.പി.എം.- ലീഗ്- എസ്.ഡി.പി.ഐ. ബന്ധമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത് സംബന്ധിച്ച് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ നാടിനെയാകെ ഞെട്ടിക്കുന്നതാണ്. അതീവ സുരക്ഷാ മേഖലയായി കരുതപ്പെടുന്ന വിമാനത്താവളത്തിനടുത്ത് വെച്ച് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം പോലീസ് അറിഞ്ഞില്ലേ. ലോക്ഡൗൺ കാലത്ത് എങ്ങനെയാണ് യാതൊരു പരിശോധനയുമില്ലാതെ ഇവർ വിമാനത്താവളത്തിന് അടുത്ത് എത്തിയത്. ഈ ഗുണ്ടാ സംഘങ്ങളുടെ രാഷ്ട്രീയ ബന്ധം പരിശോധിക്കപ്പെടേണ്ടതാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂരിൽനിന്നും ചെർപ്പുളശ്ശേരിയിൽനിന്നും കൊടുവള്ളിയിൽനിന്നുമെല്ലാമാണ് സംഘമെത്തിയത്. ഇത്തരക്കാർക്ക് സർക്കാരുമായും മറ്റും ഏത് തരത്തിലാണ് ബന്ധമുള്ളത് എന്ന് കേരളം കണ്ടതാണ്. അതുകൊണ്ട് വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണം. രാഷ്ട്രീയ ബന്ധം പുറത്ത് കൊണ്ടുവരണം. തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ പെട്ട സ്വപ്ന സുരേഷിന് രാഷ്ട്രീയ പരിവേഷം ലഭിച്ചതിന് സമാനമായ രീതിയിലാണ് രാമനാട്ടുകര സംഭവത്തിൽ പെട്ടവർക്കും ലഭിക്കുന്നത്. കൊടുവള്ളിയിലെ സംഘം ഇപ്പോൾ എവിടെയാണെന്ന് പോലും ആർക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസും അധികാരവും ഉപയോഗിച്ച് നിയമവാഴ്ച സംരക്ഷിക്കുന്നതിന് പകരം നിയമവാഴ്ച തകർക്കുകയാണ് ചെയ്യുന്നത്. സ്വർണക്കള്ളക്കടത്തുകാർ ഉപയോഗിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിന് പോലും പേര് സി.പി.എം. ഗ്രൂപ്പെന്നാണ്. പത്തനാപുരത്തും കോന്നിയിലും ഭീകരവാദ പ്രവർത്തകർ ആയുധങ്ങൾ സമാഹരിക്കുന്നു പരിശീലിക്കുന്നു എന്ന വിവരം പുറത്ത് വന്നതാണ്. ഇതിനെ കുറിച്ച് എന്ത് അന്വേഷണമാണ് നടത്തിയത്. ഇവരെ കുറിച്ച് കൊല്ലം ഇന്റലിജൻസ് ഡിവൈ.എസ്.പിക്ക് വിവരമുണ്ടായിരുന്നു.ഇത് അറിഞ്ഞിട്ടും അദ്ദേഹത്തിനെതിരേ ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Content Highlights:K Surendran on Ramanattukara Accident