തിരുവനന്തപുരം: വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ (96) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.
തമിഴ്നാട്ടിലും കേരളത്തിലും പൊന്നമ്മാളുടെ കച്ചേരികൾക്ക് നിറഞ്ഞ ആസ്വാദകരുണ്ടായിരുന്നു. പഠിച്ചും പഠിപ്പിച്ചുംകൊണ്ടും കേരളത്തിലെ കർണാടക സംഗീതജ്ഞരിൽ മുൻപന്തിയിൽ തന്നെ സ്ഥാനമുറപ്പിച്ച സംഗീതജ്ഞയായിരുന്നു പൊന്നമ്മാൾ. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാൾക്കുണ്ട്. 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
പാറശ്ശാല ഗ്രാമത്തിൽ ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924-ൽ ജനിച്ച പൊന്നമ്മാൾ ഏഴാം വയസ്സിലാണ് സംഗീതം അഭ്യസിച്ചുതുടങ്ങിയത്. അച്ഛന്റെ സ്ഥലംമാറ്റത്തെ തുടർന്ന് ആദ്യം അടൂരിലും പിന്നീട് പാറശ്ശാലയിലുമായിരുന്നു പ്രാരംഭപഠനം.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിലെ ആദ്യബാച്ചിൽ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണും ഒന്നാംറാങ്കോടെയും പാസ്സായി. പ്രസിദ്ധ സംഗീതജ്ഞൻ പാപനാശം ശിവനിൽനിന്ന് സംഗീതാഭ്യാസം നേടിയിട്ടുണ്ട്. 18-ാം വയസ്സിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ സംഗീതാധ്യാപികയായ പൊന്നമ്മാൾ തുടർന്ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീത കോളേജിന്റെ പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചത്. നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി.കെ.രാമചന്ദ്രൻ, ഡോ. ഓമനക്കുട്ടി, എം.ജി.രാധാകൃഷ്ണൻ, കുമാരകേരള വർമ തുടങ്ങി പുതുതലമുറയിലെ പൂവരണി കെ.വി.പി.നമ്പൂതിരി വരെ സംഗീതത്തിൽ പൊന്നമ്മാളുടെ ശിഷ്യത്വം നേടിയവർ നിരവധിയാണ്.
സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ്കൃതികളും ഇടംചേരുന്നതാണ് അവരുടെ കച്ചേരികൾ. മാവേലിക്കര വേലുക്കുട്ടിനായർ, മാവേലിക്കര കൃഷ്ണൻകുട്ടിനായർ, ചാലക്കുടി നാരായണസ്വാമി, ലാൽഗുഡി വിജയലക്ഷ്മി, നെല്ലൈ മണി, ഉടുപ്പി ശ്രീധർ തുടങ്ങി പുതുതലമുറയിലെ രാജേഷ്, നാഞ്ചിൽ അരുൾ വരെയുള്ളവർ കച്ചേരികൾക്ക് പക്കമേളം വായിച്ചിട്ടുണ്ട്.
2009ലെ കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം, കേന്ദ സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങൾ, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്കാരം തുടങ്ങി 30ലേറെ അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. പരേതനായ ആർ. ദൈവനായകം അയ്യരാണ് ഭർത്താവ്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യം, ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥനായ മഹാദേവൻ എന്നിവർ മക്കളാണ്.
content highlights:parassala ponnammal passed away