തിരുവനന്തപുരം> വിഖ്യാത സംഗീതജ്ഞ പ്രൊഫസർ പാറശാല ബി പൊന്നമ്മാൾ അന്തരിച്ചു. ഉച്ചയ്ക്ക്തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു.
തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയും, അവിടത്തെ ആദ്യ വനിതാ പ്രിൻസിപ്പലും, വിഖ്യാതമായ തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രിസംഗീതമേളയിൽ പാടാൻ കഴിഞ്ഞ ആദ്യ വനിതയും അവരാണ്. തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിൽ നിന്ന് വിരമിച്ചു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യയാണ്. കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്.
പാറശാല ഗ്രാമത്തില് ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ല് ജനിച്ച പൊന്നമ്മാളിനെ രാജ്യം നാല് വർഷം മുമ്പ് പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
മലയാള സംഗീതരംഗത്ത് ഒട്ടേറെ നേട്ടങ്ങള്ക്ക് ഉടമയാണ് പാറശാല ബി പൊന്നമ്മാള്. പരമ്പരാഗത സംഗീതശൈലിയില് മാറ്റം വരുത്താതെ സംഗീതോപാസന നടത്തിയ അവര് നിരവധി ശിഷ്യസമ്പത്തിന് ഉടമയാണ്.
നടക്കാന് ബുദ്ധിമുട്ടുമ്പോള് പോലും അവരുടെ കച്ചേരികള്ക്ക് മുടക്കമുണ്ടായില്ല. എം എസ് സുബ്ബലക്ഷ്മിയില് ആകൃഷ്ടയായി സംഗീതരംഗത്തേക്കുവന്ന അവര് പിന്നീട് സംഗീതലോകത്ത് സ്വന്തം പാത വെട്ടിത്തെളിച്ചു. 1924ല് പാറശാലയില് ജനിച്ച അവര് പരമുപിള്ള ഭാഗവതരില്നിന്നാണ് സംഗീതപഠനം ആരംഭിച്ചത്. പിന്നീട് രാമസ്വാമി ഭാഗവതര്, വൈദ്യനാഥ അയ്യര് എന്നിവരുടെ കീഴില് സംഗീതം അഭ്യസിച്ചു.