തിരുവനന്തപുരം: വെങ്ങാനൂരിൽ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അർച്ചന, ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ അശോകൻ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. അർച്ചനയുടെ ഭർത്താവ് സുരേഷിന്റെ അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മരിക്കുന്നതിന് തലേദിവസം അർച്ചന സുരേഷിനൊപ്പം വീട്ടിൽ വന്നിരുന്നു. അന്ന് സുരേഷിന്റെ കയ്യിൽ ഒരു ലിറ്ററിന്റെ കുപ്പിയിൽ ഡീസലുണ്ടായിരുന്നു. എന്തിനാണ് ഇത് എന്ന് ചോദിച്ചപ്പോൾ വീട്ടിൽ ഉറുമ്പായതുകൊണ്ടാണ് എന്ന് മറുപടി നൽകി. ഉപ്പോ മഞ്ഞൾപ്പൊടിയോ ഇട്ടാൽ പോരെയെന്ന് ചോദിച്ചപ്പോൾ അവയെന്നും ഇട്ടിട്ട് പോകുന്നില്ല എന്നായിരുന്നു സുരേഷ് മറുപടി നൽകിയതെന്നും അശോകൻ പറഞ്ഞു.
അർച്ചനയുടെയും സുരേഷിന്റെയും പ്രണയവിവാഹമായിരുന്നു. തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് അർച്ചനയും സുരേഷും അഭിനയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഴ്സിങ് പഠനം പൂർത്തിയാക്കിയെങ്കിലും അർച്ചനയെ സുരേഷ് ജോലിക്ക് വിട്ടിരുന്നില്ലെന്നും അശോകൻ പറഞ്ഞു. അർച്ചനയും സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിന്റെ പേരിൽ സുരേഷ് ഇടയ്ക്കിടയ്ക്ക് പിണങ്ങിപ്പോകാറുണ്ടായിരുന്നു. ഒന്നും രണ്ടും ദിവസം കഴിഞ്ഞാണ് മടങ്ങി വരാറ്. വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. സുരേഷിന്റെ വീട്ടുകാരുടെ അറിവോടു കൂടിയാണ് പോയതെങ്കിൽ കൂടിയും എവിടെയാണ് ഉള്ളതെന്ന് അവർ പറയില്ല. പലയിടത്തും തിരക്കിയാണ് എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തുകയെന്നും അശോകൻ കൂട്ടിച്ചേർത്തു.
content highlights:thiruvananthapuram archana death father responds