വടക്കാഞ്ചേരി: മുള്ളൂർക്കര ക്വാറിയിലെ സ്ഫോടനം മീൻപിടിത്തത്തിനിടെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ക്വാറിയുമായി നേരിട്ട് ബന്ധപ്പെട്ടുള്ള പൊട്ടിത്തെറിയല്ലെന്നാണ് പോലീസ് പറയുന്നത്. ഏറെ നാളായി ഉപയോഗിക്കാതെ കിടക്കുന്ന ക്വാറിയുടെ സമീപത്താണ് പൊട്ടിത്തെറി. വലിയ ക്വാറിയുടെ സമീപത്ത് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് മീൻ പിടിക്കാൻ വന്നതാണെന്ന നിഗമനത്തിലാണ് പോലീസ്. സമീപത്തുനിന്ന് മീൻവല കണ്ടെടുത്തതും അവർ ചൂണ്ടിക്കാട്ടുന്നു.
ക്വാറിയിൽ മീൻപിടിക്കുന്നതിന് തോട്ട പൊട്ടിക്കാനായി സംഭരിച്ച മരുന്ന് അശാസ്ത്രീയമായി കൂട്ടിയോജിപ്പിച്ച് വെച്ചിരുന്നു. അതാണ് ഉഗ്രസ്ഫോടനത്തിന് കാരണമായതെന്നും കരുതുന്നു. ഏകദേശം അഞ്ചടിയോളം താഴ്ചയുള്ള കുഴിയാണ് പൊട്ടിത്തെറിയിൽ രൂപപ്പെട്ടിരിക്കുന്നത്. വീടുകളുടെ ഓട് നിരങ്ങിനീങ്ങി. കോൺക്രീറ്റ് വീടുകൾക്കും നാശമുണ്ടായി. ഒരു വർഷം മുൻപ് അന്നത്തെ സബ്കളക്ടർ രേണുരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് ക്വാറിയുടെ പ്രവർത്തനം നിർത്തിവെച്ചത്. ചൊവ്വാഴ്ച സ്ഫോടന വിദഗ്ധരെ കൊണ്ടുവന്ന് കൂടുതൽ പരിശോധന നടത്തുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അനീഷ് ജെ. കോര, സി.ഐ. സാബു എന്നിവർ പറഞ്ഞു.
വിശദ അന്വേഷണം നടത്തും -കളക്ടർ
വടക്കാഞ്ചേരി: സ്ഫോടനം നടന്ന സ്ഥലം ജില്ലാ കളക്ടർ എസ്. ഷാനവാസും സിറ്റി പോലീസ് കമ്മിഷണർ ആദിത്യയും സന്ദർശിച്ചു. സംഭവത്തിൽ പരിക്കേറ്റ് കിടക്കുന്നവർ പൊട്ടിത്തെറിയുടെ ഞെട്ടലിൽ ആണെന്നും ചൊവ്വാഴ്ച മാത്രമേ അവരുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കൂ എന്നും കളക്ടർ പറഞ്ഞു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം ആരംഭിക്കുമെന്നും ഇരുവരും പറഞ്ഞു. ക്വാറിയിൽ മറ്റിടങ്ങളിലും സ്ഫോടകവസ്തു ഉണ്ടെന്ന് സംശയമുണ്ട്. അതുകൊണ്ടുതന്നെ സൂക്ഷിച്ചാണ് അധികൃതർ നടപടികളെടുക്കുന്നത്. പൊട്ടിത്തെറിയുണ്ടായ സ്ഥലത്തേക്ക് ആരെയും കടക്കാൻ അനുവദിക്കുന്നില്ല. ഏതാണ്ട് മൂന്ന് ഏക്കർ വിസ്തൃതിയുള്ളതാണ് പാറമട. ഇതിന്റെ ഏറ്റവും ആഴം കൂടിയ ഭാഗത്താണ് സ്ഫോടനം നടന്നത്. രാത്രി ആയതിനാൽ മറ്റ് സ്ഥലങ്ങളിൽ തിരച്ചിൽ നടത്താൻ പോലീസിനും അഗ്നിരക്ഷാസേനയ്ക്കും സാധിച്ചിട്ടില്ല.
Content Highlights:massive blast at Mullurkara quarry