പട്യാല
ഷോട്ട്പുട്ടിൽ തജീന്ദർപാൽ ടൂർ ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി. നാലാമത് ഗ്രാന്റ് പ്രി മീറ്റിൽ 21.49 മീറ്ററോടെ ദേശീയ റെക്കോഡ് പുതുക്കിയാണ് നേട്ടം. ഒളിമ്പിക്സ് യോഗ്യത 21.10 മീറ്ററായിരുന്നു. വനിതകളുടെ ഡിസ്കസ് ത്രോയിൽ കമൽപ്രീത് കൗറും ഒളിമ്പിക്സിന് പോകും. എറിഞ്ഞത് 66.59 മീറ്റർ. 4–100 മീറ്റർ റിലേയിൽ അർച്ചന, ഹിമാദാസ്, ദ്യുതിചന്ദ്, ധനലക്ഷ്മി ടീം ദേശീയ റെക്കോഡ് തിരുത്തി (43.37 സെക്കൻഡ്). ഒളിമ്പിക്സ് യോഗ്യത 43.05 സെക്കൻഡായിരുന്നു. ദ്യുതിചന്ദ് വനിതകളുടെ 100 മീറ്ററിൽ 11.17 സെക്കൻഡിൽ പുതിയ ദേശീയസമയം കുറിച്ചു. ഒളിമ്പിക്സ് യോഗ്യത 11.15 സെക്കൻഡ്.
4–400 പുരുഷ റിലേ ടീമിന് യോഗ്യത നേടാനായില്ല. മുഹമ്മദ് അനസ്, ആരോക്യ രാജീവ്, അമോജ് ജേക്കബ്, നോയ നിർമൽ ടോം ടീം ഒന്നാമതെത്തി (3:02.61). ഒളിമ്പിക്സിന് നേരത്തേ ടിക്കറ്റെടുത്ത മലയാളി എം ശ്രീശങ്കർ 7.74 മീറ്റർ ചാടി ലോങ്ജമ്പിൽ ഒന്നാമതെത്തി.1500 മീറ്ററിൽ പി യു ചിത്ര, 400 മീറ്ററിൽ ജിസ്ന മാത്യു, വി കെ വിസ്മയ, വി ശാലിനി എന്നിവർക്ക് യോഗ്യത നേടാനായില്ല. ട്രിപ്പിൾ ജമ്പിൽ എൽദോസ് പോൾ ഒന്നാമതെത്തി.