ടോക്യോ
അടുത്തമാസം 23ന് തുടങ്ങുന്ന ടോക്യോ ഒളിമ്പിക്സ് കാണാൻ ആതിഥേയരായ ജാപ്പനീസ് കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകും. ഏറെ ചർച്ചകൾക്കുശേഷമാണ് തീരുമാനം. മറ്റ് രാജ്യങ്ങളിൽനിന്നുള്ള കാണികൾക്ക് പ്രവേശനമില്ല. ഓരോ സ്റ്റേഡിയത്തിലും പരമാവധി പ്രവേശിക്കാവുന്നവരുടെ എണ്ണം പതിനായിരമാണ്. എന്നാൽ ഇതിനെതിരെ രാജ്യത്തെ ആരോഗ്യ ഉപദേശകനായ ഡോ. ഷിഗെറു ഒമി രംഗത്തുവന്നു. കാണികളില്ലാതെ ഒളിമ്പിക്സ് നടത്തുന്നതാണ് സുരക്ഷിതമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്കാലത്ത് ഒളിമ്പിക്സ് നടത്താനുള്ള തീരുമാനം തലതിരിഞ്ഞതാണെന്നാണ് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
കഴിഞ്ഞവർഷം നടക്കേണ്ട ഒളിമ്പിക്സ് കോവിഡ്മൂലം ഈ വർഷത്തേക്ക് മാറ്റിയതാണ്. ജൂലെെ 23 മുതൽ ആഗസ്ത് എട്ടുവരെയാണ് ഒളിമ്പിക്സ്. ജപ്പാനിലെ കോവിഡ് ഭീതിയും ഒളിമ്പിക്സിനെതിരായ വികാരവും മാറിയിട്ടില്ല. മേയിൽ നടന്ന സർവേയിൽ 83 ശതമാനം ജനങ്ങളും ഒളിമ്പിക്സിന് എതിരാണ്. എന്നാൽ മുന്നോട്ടുപോകാനാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയും ജാപ്പനീസ് സർക്കാരും തീരുമാനിച്ചത്.
ജപ്പാനിൽ കോവിഡ് കുത്തിവയ്പ് തണുത്തമട്ടിലാണ്. ജനസംഖ്യയുടെ 7.3 ശതമാനംപേരാണ് മുഴുവൻ കുത്തിവയ്പ്പും എടുത്തത്. 16 ശതമാനം ആദ്യഡോസ് എടുത്തു. അതിനിടെ ഒളിമ്പിക്സിനെത്തിയ ഉഗാണ്ട ടീമിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതംഗ ബോക്സർമാരുടെ ടീമിലാണ് കോവിഡ്. നാട്ടിൽനിന്ന് പുറപ്പെടുമ്പോൾ നെഗറ്റീവായിരുന്നു. ടോക്യോ വിമാനത്താവളത്തിലെ പരിശോധനയിലാണ് പോസിറ്റീവായത്. ഓസ്ട്രേലിയൻ വനിതാ സോഫ്റ്റ്ബോൾ സംഘമാണ് ഒളിമ്പിക്സിനെത്തിയ ആദ്യസംഘം. 11000 അത്ലീറ്റുകൾക്കായുള്ള ഒളിമ്പിക്സ് ഗ്രാമം മാധ്യമങ്ങൾക്കായി തുറന്നു.
ഫെലിക്സ് അഞ്ചാം ഒളിമ്പിക്സിന്
അല്ലിസൺ ഫെലിക്സ് വീണ്ടും ഒളിമ്പിക്സ് വേദിയിലേക്ക്. അഞ്ചാംതവണയാണ് അമേരിക്കൻ അത്ലീറ്റ് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്. 400 മീറ്ററിൽ ഇറങ്ങും. അമേരിക്കൻ സെലക്ഷൻ ട്രയൽസിൽ രണ്ടാമതായാണ് മുപ്പത്തഞ്ചുകാരി ദൂരം പൂർത്തിയാക്കിയത്. അമ്മയായതിനുശേഷമുള്ള ആദ്യ ഒളിമ്പിക്സാണ്. 2018ലായിരുന്നു മകൾ കാംറിന്റെ ജനനം. പ്രസവത്തെ തുടർന്ന് ഗുരുതരനിലയിലായിരുന്നു അവർ. മകൾ ഒരുമാസം തീവ്രപരിചരണ വിഭാഗത്തിൽ കിടന്നു.
ഫെലിക്സ് വേഗംതന്നെ കളത്തിൽ തിരിച്ചെത്തി. 2019 ലോക ചാമ്പ്യൻഷിപ്പിൽ ഇറങ്ങി മെഡലുകളും സ്വന്തമാക്കി. ഒളിമ്പിക്സിൽ ആറ് സ്വർണം നേടിയിട്ടുണ്ട്.
ലൊറെൽ ഹുബ്ബാർഡ്: ഒളിമ്പിക്സിൽ
ആദ്യ ട്രാൻസ്ജെൻഡർ
ന്യൂസിലൻഡിന്റെ ലൊറെൽ ഹുബ്ബാർഡ് ഒളിമ്പിക്സ് ടീമിൽ ഉൾപ്പെടുന്ന ആദ്യ ട്രാൻസ്ജെൻഡർ. ഭാരോദ്വഹന ടീമിലാണ് ഹുബ്ബാർഡ് ഇടംനേടിയത്. വനിതാവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. . 43 വയസ്സാണ് ഹുബ്ബാർഡിന്. 2013 വരെ പുരുഷവിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്.