ബുകാറെസ്റ്റ്
ഉക്രെയ്നെ മറികടന്ന് ഓസ്ട്രിയ യൂറോ കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് മുന്നേറ്റം. ഇരുപത്തൊന്നുകാരൻ ക്രിസ്റ്റഫ് ബാംഗാർട്നെർ വിജയഗോൾ നേടി. പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സമനില മതിയാകുമായിരുന്ന ഉക്രെയ്ന് ഓസ്ട്രിയൻ പ്രതിരോധത്തെ മറികടക്കാനായില്ല. ഓസ്ട്രിയയുടെ ആദ്യ പ്രീ ക്വാർട്ടറാണിത്. മൂന്നാം സ്ഥാനത്ത് മൂന്ന് പോയിന്റുള്ള ഉക്രെയ്ന് നോക്കൗട്ട് സാധ്യത പൂർണമായും അവസാനിച്ചിട്ടില്ല. ഓസ്ട്രിയക്ക് പ്രീ ക്വാർട്ടറിൽ ഇറ്റലിയാണ് എതിരാളി. 26നാണ് മത്സരം.
തുടക്കം മുതൽ ഓസ്ട്രിയ ആക്രമിച്ചുകളിച്ചു. ഉക്രെയ്ൻ കോർണറുകൾ വഴങ്ങി കൊണ്ടിരുന്നു. ഇരുപത് മിനിറ്റുള്ളിലെ അഞ്ചാം കോർണറിൽ പ്രതിരോധം പിളർന്നു. ഡേവിഡ് അലാബയുടെ കൃത്യതയുള്ള കോർണറിൽ ക്രിസ്റ്റഫ് ബാംഗാർട്നെർ ലക്ഷ്യം കണ്ടു. ഈ യൂറോയിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ബാംഗാർട്നെർ. യൂറോയുടെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ ഓസ്ട്രിയൻ താരവും. അധികനേരം കളി തുടരാൻ ഈ യുവതാരത്തിന് കഴിഞ്ഞില്ല. പരിക്കുകാരണം അരമണിക്കൂറിൽ തിരിച്ചുകയറി.
മറുവശത്ത് ഉക്രെയ്ൻ മുന്നേറ്റത്തിൽ റൊമാൻ യറെംചുക്കിനും ആന്ദ്രി യർമോലെങ്കോയ്ക്കും അവസരങ്ങൾ കുറവായിരുന്നു. രണ്ടാംപകുതിയിൽ ഉക്രെയ്ൻ സമനില ഗോളിന് വേണ്ടി കടുത്ത പോരാട്ടം നടത്തി. 61‐ാം മിനിറ്റിൽ യർമോലെങ്കോയുടെ ഫ്രീകിക്ക് ഗോളിന് അരികെയെത്തി. ഓസ്ട്രിയൻ ഗോൾ കീപ്പർ ഡാനിയേൽ ബാക്മാന്റെ കൃത്യസമയത്തുള്ള ഇടപെടൽ ഗോളിനെ തടഞ്ഞു. അവസാന ഘട്ടത്തിൽ ഓസ്ട്രിയൻ പ്രതിരോധം കടുത്തതോടെ ഉക്രെയ്ന്റെ വഴിയടഞ്ഞു.
ഡച്ച് തേരോട്ടം
തുടർച്ചയായ മൂന്നാംജയത്തോടെ നെതർലൻഡ്സ് ഗ്രൂപ്പ് സിയിൽ ജേതാക്കളായി. അവസാന മത്സരത്തിൽ നോർത്ത് മാസിഡോണിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്തു. യൂറോയിലെ കന്നിക്കാരായ മാസിഡോണിയ മൂന്ന് കളിയും തോറ്റ് മടങ്ങി. ക്യാപ്റ്റൻ ജോർജിനോ വെെനാർദം ഇരട്ടഗോൾ നേടി. മെംഫിസ് ഡിപെയും ഗോളടിച്ചു. ആദ്യപകുതിയിൽ അരങ്ങേറ്റക്കാരുടെ പതർച്ചയില്ലാതെ മാസിഡോണിയ പിടിച്ചുനിന്നു. 22–ാം മിനിറ്റിൽ മെംഫിസ് ഡിപെയാണ് ഡച്ചുകാരെ മുന്നിലെത്തിച്ചത്. ഡോണിൽ മലെനാണ് പന്ത് കെെമാറിയത്. ഡിപെയ്ക്ക് പിഴച്ചില്ല. അതിനിടെ മാസിഡോണിയ ഞെട്ടിക്കാൻ ശ്രമിച്ചു. അലക്സാണ്ടർ ത്രജ്കോവ്സ്കിയുടെ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റ് തടസ്സമായി.
രണ്ടാംപകുതിയിൽ ഡച്ച് സമ്മർദം താങ്ങാൻ മാസിഡോണിയക്കായില്ല. വെെനാർദം രണ്ടുതവണ അവരുടെ വലകുലുക്കി. ദേശീയ കുപ്പായത്തിൽ 78–ാം തവണയിറങ്ങിയ വെെനാൽദം 25 ഗോൾ നേടി. യൂറോയിൽ മൂന്ന് ഗോളായി.